കണ്ണൂരിലെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇന്ന് മുതൽ ടിക്കറ്റ് വിതരണം മുടങ്ങും. ഹാൾട്ട് ഏജൻ്റ് കരാർ ഒഴിഞ്ഞതോടെയാണ് സ്റ്റേഷനിൽ ടിക്കറ്റ് വിതരണം പ്രതിസന്ധിയാലാകുന്നത്. ഹാൾട്ട് സ്റ്റേഷനായി തരംതാഴ്ത്തിയതിന് പിന്നാലെ റെയിൽവേ ജീവനക്കാരെ പിൻവലിച്ചിരുന്നു. നൂറുകണക്കിന് യാത്രക്കാർ ദിവസേന ആശ്രയിക്കുന്ന സ്റ്റേഷനിൽ നിന്നുള്ള യാത്ര ഇതോടെ പ്രതിസന്ധിയിലാവുകയാണ്.
പണ്ട് കണ്ണൂർ ജില്ലയിലെ കച്ചവട-വ്യവസായ മേഖലയെ പുറംലോകത്തോട് ബന്ധിപ്പിച്ചത് പാപ്പിനിശേരി റെയിൽവേ സ്റ്റേഷനായിരുന്നു. ചകിരിയും ഓടും മത്സ്യവും കരിയും എല്ലാം മറ്റുനാടുകളിലേക്കും തിരിച്ചുമെത്തിയിരുന്നത് ഈ സ്റ്റേഷനിലൂടെയായിരുന്നു. അന്ന് തളിപ്പറമ്പ് ടൗൺ സ്റ്റേഷൻ എന്നായിരുന്നു പേര്.
1905 ൽ സ്ഥാപിതമായ സ്റ്റേഷനെ 2022 ഏപ്രിൽ 11 നാണ് ഹാൾട്ട് സ്റ്റേഷനാക്കി തരം താഴ്ത്തിയത്. ഇതോടെ ജീവനക്കാരെ മുഴുവൻ പിൻവലിച്ച് റെയിൽവേ കരാർ അടിസ്ഥാനത്തിൽ ടിക്കറ്റ് ഏജൻ്റുമാരെ നിയമിച്ചു. അഞ്ചു വർഷമായിരുന്നു അവരുടെ കാലാവധി. എന്നാൽ പാപ്പിനിശ്ശേരിയിൽ കരാർ എടുത്ത ഹാൾട്ട് ഏജൻ്റ് രണ്ടു വർഷം കഴിയുമ്പോൾ തന്നെ കരാർ ഒഴിയുകയാണ് ചെയ്യുന്നത്. ഒരുദിവസത്തെ വരുമാനം ശരാശരി എട്ടായിരം രൂപയാണ്. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും ഇത് തികയില്ലെന്നതാണ് കരാർ ഒഴിയാനുള്ള പ്രധാന കാരണം. പുതിയ ഹാൾട്ട് ഏജൻ്റിനെ കണ്ടെത്താൻ റെയിൽവേ അധികൃതർ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ആരെയും നിയമിച്ചിട്ടില്ല.
നൂറു കണക്കിന് യാത്രക്കാർ ദിവസേന ആശ്രയിക്കുന്ന സ്റ്റേഷനിൽ ടിക്കറ്റ് വിതരണവും മുടങ്ങുന്നതോടെ ഓൺലൈൻ വഴി ടിക്കറ്റ് എടുക്കുന്നവരല്ലാത്തവർ എങ്ങനെ യാത്ര ചെയ്യും എന്ന ഉത്തരമില്ലാത്ത ചോദ്യം നിലനിൽക്കുകയാണ്. പഴമയ്ക്കും പാരമ്പര്യത്തിനും വില നൽകിയില്ലെങ്കിലും യാത്രക്കാരുടെ ആവശ്യത്തിനെങ്കിലും റെയിൽവേ പരിഗണന നൽകണം എന്നാണ് അഭ്യർഥന.