NEWSROOM

VIDEO | സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലി! എത്തിയത് സെന്റ് ജോസഫ് സ്കൂളിന് സമീപം

ഇതുവഴി സഞ്ചരിച്ച യാത്രക്കാരാണ് പുലിയുടെ ദൃശ്യം മൊബൈലിൽ പകർത്തിയത്

Author : ന്യൂസ് ഡെസ്ക്


വയനാട് സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലി. പാട്ടവയൽ റോഡിൽ സെന്റ് ജോസഫ് സ്കൂളിന് സമീപമാണ് പുലിയെ കണ്ടത്. രാത്രി 12 മണിയോടെയാണ് സംഭവം. മതിലിൽ നിന്ന് സമീപത്തെ പറമ്പിലേക്ക് പുലി ചാടുന്നതിൻ്റെ മൊബൈൽ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇതുവഴി സഞ്ചരിച്ച യാത്രക്കാരാണ് പുലിയുടെ ദൃശ്യം മൊബൈലിൽ പകർത്തിയത്.

പുൽപ്പള്ളി കബനിഗിരിയിലും വീണ്ടും പുലിയുടെ ആക്രമണമുണ്ടായി. പനചുവട്ടിൽ ജോയിയുടെ ആടിനെ പുലി ആക്രമിച്ചു കൊന്നു. ഇന്നലെ രാത്രിയോടെയാണ് സംഭവം.  കഴിഞ്ഞ ദിവസവും ജോയിയുടെ രണ്ടു ആടുകളെ പുലി ആക്രമിച്ച് കൊന്നിരുന്നു. ഇതേ കുട്ടിലുണ്ടായിരുന്ന ആടിനെയാണ് പുലി വീണ്ടും കൊന്നത്. പുലിയെ പിടികൂടാൻ ജോയിയുടെ വീട്ടിൽ കൂട് സ്ഥാപിച്ചിരുന്നു. 

അതേസമയം മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യം പത്താം ദിനവും തുടരും. പ്രതികൂല്യ സാഹചര്യങ്ങളെ തുടർന്ന് ഇന്നലെ വൈകിട്ടോടെ തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. രാത്രി വനംവകുപ്പിൻ്റെ നേതൃത്വത്തിൽ പാന്ദ്ര, സുൽത്താന എസ്റ്റേറ്റ്, കേരള എസ്റ്റേറ്റ്, പാരശ്ശേരി ഭാഗങ്ങളിൽ പട്രോളിങ്ങ് നടത്തിയിരുന്നു.

കടുവയെ പിടികൂടുന്നതിനായി കഴിഞ്ഞ ദിവസം മേഖലയിൽ മൂന്നാമത്തെ കൂടും സ്ഥാപിച്ചിരുന്നു. സുൽത്താന എസ്റ്റേറ്റിന് മുകളിലാണ് മൂന്നാമത്തെ കൂട് സ്ഥാപിച്ചത്. മൂന്ന് കൂടും ലൈവ് ക്യാമറ നിരീക്ഷണത്തിലാണ്. ക്യാമറ ട്രാപ്പ് പരിശോധനയും നടന്നു വരുന്നുണ്ട്. പരിശോധനയ്ക്ക് ശേഷം പുതിയ മൂവ്മെൻ്റ് മാപ്പ് തയ്യാറാക്കി അടുത്ത നടപടികൾ സ്വീകരിക്കുമെന്നും വനം വകുപ്പ് അറിയിച്ചിരുന്നു.


കാളികാവ് കല്ലാമൂല സ്വദേശി ഗഫൂറിനെ റബ്ബർ ടാപ്പിങ്ങിനിടെ അക്രമിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് കടുവയ്ക്കായുള്ള തെരച്ചിൽ ആരംഭിച്ചത്. ​കടുവ പുറകുവശത്തിലൂടെ ഗഫൂറിനു നേരെ ചാടി വീഴുകയായിരുന്നു. ശേഷം മൃതദേഹം സമീപത്തെ വാഴത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി. കൂടെ ടാപ്പിങ് നടത്തിയ സമദ് എന്ന തൊഴിലാളിയാണ് ഗഫൂറിനെ കടുവ ആക്രമിച്ച വിവരം പുറത്തറിയിച്ചത്. തുടർന്ന് വനം വകുപ്പ്- ആർആർടി സംഘങ്ങളുടെ പരിശോധനയിലാണ് ​ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്.

SCROLL FOR NEXT