NEWSROOM

കാളികാവിലെ കടുവാ ആക്രമണം; കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

ഗഫൂറിന്റെ കടുംബത്തിലെ ഒരാള്‍ക്ക് വനംവകുപ്പില്‍ താത്കാലിക ജോലി നല്‍കും

Author : ന്യൂസ് ഡെസ്ക്

മലപ്പുറം കാളികാവില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. 10 ലക്ഷം രൂപ വനംവകുപ്പും നാല് ലക്ഷം രൂപ ദുരന്തനിവാരണ അതോറിറ്റിയുമാണ് നല്‍കുക.



ഇതില്‍ അഞ്ച് ലക്ഷം രൂപ വനംവകുപ്പ് വെള്ളിയാഴ്ച കുടുംബത്തിന് കൈമാറും. ഗഫൂറിന്റെ കടുംബത്തിലെ ഒരാള്‍ക്ക് വനംവകുപ്പില്‍ താത്കാലിക ജോലി നല്‍കുമെന്നും നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ധനിക് ലാല്‍ അറിയിച്ചു.



ഇന്ന് രാവിലെയാണ് ടാപ്പിങ് തൊഴിലാളിയായ പാറശേരി സ്വദേശി ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജോലിക്കു പോയ ഗഫൂറിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വനം വകുപ്പ് ആര്‍ആര്‍ടി സംഘമാണ് മൃതദേഹം കണ്ടെത്തിയത്.

ഗഫൂറിനെ ആക്രമിച്ച കടുവയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പാലക്കാട് നിന്നും വയനാട്ടില്‍ നിന്നും 25 അംഗ സംഘം മലപ്പുറത്തെ പരിശോധന നടത്തും. കടുവയെ മയക്കു വെടിവെച്ച് പിടികൂടുന്നതിനുള്ള നടപടികള്‍ ഇന്നു തന്നെ ആരംഭിക്കും. പ്രദേശത്ത് ജാഗ്രത പാലിക്കാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി എ.കെ. ശശീന്ദ്രന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.



ഗഫൂറിന്റെ മരണത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. മൃതദേഹം മാറ്റാന്‍ അനുവദിക്കാതെയും ഡിഎഫ്ഒയെ തടഞ്ഞുവെച്ചും നാല് മണിക്കൂറോളം നാട്ടുകാര്‍ പ്രതിഷേധിച്ചു. കടുവയെ വെടിവെച്ച് കൊല്ലണമെന്നും ഒരു കോടി രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. സ്ഥലം എംഎല്‍എ എ.പി. അനില്‍കുമാര്‍, ഡിഎഫ്ഒ ധനിത് ലാല്‍, ഡിവൈഎസ്പി സാജു. കെ അബ്രഹാം എന്നിവരും സ്ഥലത്തെത്തിയിരുന്നു.



നേരത്തേയും പ്രദേശത്ത് വന്യജീവി സാന്നിധ്യമുണ്ടായിട്ടും വനംവകുപ്പ് നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

SCROLL FOR NEXT