NEWSROOM

പഞ്ചാരക്കൊല്ലി കടുവ ദൗത്യം: തെരച്ചിൽ സംഘത്തിലെ ആർആർടി അംഗത്തിന് നേരെ കടുവ ആക്രമണം

അതേസമയം പ്രദേശത്ത് നിന്നും വെടിവെക്കുന്നതിൻ്റെ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഇത് കടുവയെ വെടിവെക്കാൻ ശ്രമിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം

Author : ന്യൂസ് ഡെസ്ക്



വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയ്ക്കായി തെരച്ചിൽ തുടരുന്നതിനിടെ ആർആർടി അംഗത്തിന് നേരെ കടുവയുടെ ആക്രമണം. ആർആർടി അംഗം ജയസൂര്യയുടെ പരിക്ക് ഗുരുതരമല്ല. ജയസൂര്യയുടെ വലത് കൈക്ക് മാത്രമാണ് പരിക്കേറ്റത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്തിലുള്ള സംഘം സ്ഥലത്തേക്ക് തിരിച്ചു.

രാവിലെ പത്ത് മണിയോടെയാണ് എട്ടുപേരടങ്ങുന്ന സംഘം തെരച്ചിലിനായി എത്തിയത്. 80 പേരെ പത്തുസംഘങ്ങളായി തിരിച്ച്, പഞ്ചാരക്കൊല്ലിയിലെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചായിരുന്നു തെരച്ചിൽ നടത്തിയത്. ഇതിൽ ഒരു സംഘത്തിലെ അംഗമാണ് പരിക്കേറ്റ ജയസൂര്യ. വനത്തിൽ നിന്ന് പുറത്തെത്തിച്ച ജയസൂര്യയെ ആശുപത്രിയിലെത്തിച്ചു. കടുവയുടെ നഖം കൊണ്ടാണ് ജയസൂര്യക്ക് പരിക്കേറ്റത്. 

അതേസമയം പ്രദേശത്ത് നിന്നും വെടിവെക്കുന്നതിൻ്റെ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഇത് കടുവയെ വെടിവെക്കാൻ ശ്രമിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. കടുവ വനം വകുപ്പിന്റെ റഡാർ പരിധിയിൽ എത്താഞ്ഞതോടെയാണ് 80 പേരടങ്ങുന്ന സംഘം തെരച്ചിലിനെത്തിയത്. ഇന്നലെ സന്ധ്യയ്ക്ക് നാട്ടുകാർ കണ്ടുവെന്ന് പറഞ്ഞ സ്ഥലത്തെ പരിശോധനയിലും, കടുവ സാന്നിധ്യം സ്ഥിരീകരിക്കാനായില്ല. ഇതോടെ കടുവ വയനാട് ഡാറ്റാ ബേസിൽ ഉള്ളതല്ലെന്ന സംശയവും അധികൃതർ പ്രകടിപ്പിക്കുന്നുണ്ട്.


നാഗർഹോള ടൈഗർ റിസർവിനോട് കേരളം കടുവയെ സംബന്ധിച്ച വിവരങ്ങൾ തേടി. കടുവയുടെ ഐഡി ലഭിക്കാത്തത് ദൗത്യത്തിന് തടസമാവുന്നുണ്ട്. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 85 അംഗ ടീമാണ് കടുവയെ കണ്ടെത്താൻ പഞ്ചാരക്കൊല്ലി പ്രിയദർശിനിയിൽ ക്യാമ്പ് ചെയ്യുന്നത്. രാവിലെ ഏഴ് മണിയോടെ തെരച്ചിൽ ആരംഭിച്ചിരുന്നു.

SCROLL FOR NEXT