NEWSROOM

ഇടുക്കി ഗ്രാമ്പിയിൽ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു

വെടിയേറ്റ ശേഷം കടുവ ഉദ്യോഗസ്ഥർക്ക് നേരെ കുതിച്ചു ചാടിയതോടെ ഉദ്യോഗസ്ഥരുടെ സുരക്ഷയെ കണക്കിലെടുത്താണ് വീണ്ടും രണ്ട് തവണ മയക്കുവെടി വെച്ചത്

Author : ന്യൂസ് ഡെസ്ക്


ഇടുക്കി ഗ്രാമ്പിയിൽ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. മൂന്ന് തവണയാണ് കടുവയെ മയക്കുവെടി വെച്ചത്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ലയത്തിനു സമീപം തേയില തോട്ടത്തിലാണ് കടുവയെ കണ്ടെത്തിയത്. തുടർന്ന് വെറ്റിനറി ഡോക്ടർ അനുരാജിൻ്റെ നേതൃത്വത്തിലുള്ള സംഘം കടുവയെ മയക്കുവെടി വെച്ചു. എന്നാൽ വെടിയേറ്റ ശേഷം കടുവ ഉദ്യോഗസ്ഥർക്ക് നേരെ കുതിച്ചു ചാടിയതോടെ ഉദ്യോഗസ്ഥരുടെ സുരക്ഷയെ കണക്കിലെടുത്താണ് വീണ്ടും രണ്ട് തവണ മയക്കുവെടി വെച്ചത്.

തുടർന്ന് ആരോഗ്യനില മോശമായ കടുവയ്ക്ക് ചികിത്സ നൽകുമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. ഇതിനായി കടുവയെ പെരിയാർ സങ്കേതത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കടുവ ചത്തത്. കാലിന് പരിക്കേറ്റ കടുവ നേരത്തെ അവശനിലയിലായിരുന്നു.

രണ്ട് ദിവസമാണ് കടുവയെ പിടികൂടാനായുള്ള ദൗത്യം നീണ്ടത്. നേരത്തെ ഗ്രാമ്പി ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ തന്നെയാണ് ഇന്നലെ അരണക്കല്ലിലും കണ്ടതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. കടുവ അക്രമാസക്തമാകാനും മനുഷ്യജീവന് ഭീഷണി ഉണ്ടാക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വണ്ടിപ്പെരിയാർ പഞ്ചായത്ത് വാർഡ് 15ൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.


കടുവയ്ക്കായി കൂട് വെച്ച് കാത്തിരിക്കുന്നതിനിടെ ഇന്നലെ വീണ്ടും ആക്രമണമുണ്ടായി. ഇന്നലെ രാത്രി അരണക്കല്ലിൽ പ്രദേശവാസികളുടെ പശുവിനെയും നായയെയും കടുവ കൊന്നു. പ്രദേശവാസിയായ നാരായണന്‍റെ പശുവിനെയും ബാലമുരുകൻ്റെ നായയെയുമാണ് കടുവ അക്രമിച്ചത്.

SCROLL FOR NEXT