ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്പി എസ്റ്റേറ്റിൽ ഇറങ്ങിയ കടുവ അവശനിലയിലെന്ന് വനം വകുപ്പ്. കാലിനേറ്റ പരിക്കിനെ തുടർന്നാണ് കടുവ അവശനിലയിലായത്. നിലവിൽ എസ്റ്റേറ്റിൽ കൂട് വെച്ചിരിക്കുന്ന ഭാഗത്ത് നിന്ന് 300 മീറ്റർ മാറിയാണ് കടുവയുള്ളത്.
അവശനിലയായതിനാൽ കടുവക്ക് അധിക ദൂരം സഞ്ചരിക്കാനാകില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കടുവ കൂട്ടിലകപ്പെട്ടില്ലെങ്കിൽ ആരോഗ്യസ്ഥിതി അടക്കം പരിശോധിച്ച് മയക്കുവെടിക്ക് വേണ്ട നടപടികൾ ഉണ്ടാകുമെന്ന് എരുമേലി റേഞ്ച് ഓഫീസർ ഹരിലാൽ പറഞ്ഞു.
എരുമേലി റേഞ്ച് ഓഫീസരുടെ നേതൃത്വത്തിൽ 15 അംഗ പ്രത്യേക സംഘം കടുവയെ നിരീക്ഷിച്ചുവരികയാണ്. ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് നിരീക്ഷണം. കടുവ തൊഴിലാളി ലയങ്ങൾക്ക് സമീപം ജനവാസ മേഖലയിൽ തന്നെ തുടരുന്നതിനാൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.