NEWSROOM

വൈത്തിരിയിലും കടുവ? അറമല ഭാഗത്ത് കടുവയെ കണ്ടതായി പ്രദേശവാസി

പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കുമെന്ന് ഉറപ്പ് നൽകാതെ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിട്ടയക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

വയനാട് വൈത്തിരിയിലും കടുവ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ. ദേശീയപാതയുടെ 200 മീറ്റർ മാറി അറമല ഭാഗത്താണ് കടുവയെ കണ്ടത്. പ്രദേശവാസിയായ നിഷാദ് ബൈക്കിൽ പോകുമ്പോഴാണ് കടുവയെ കണ്ടത്.

ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാൽ, പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കുമെന്ന് ഉറപ്പ് നൽകാതെ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിട്ടയക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു.

അതേസമയം, വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാൻ ഉത്തരവ് ഇറങ്ങി. കൂട് വച്ചോ മയക്കുവെടി വച്ചോ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ വെടിവച്ചു കൊല്ലാനാണ് ഉത്തരവിൽ പറയുന്നത്. ചീഫ് വൈൽഡ്ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ ഐഎഫ്എസാണ് ഉത്തരവിറക്കിയത്. ദേശീയ കടുവാസംരക്ഷണ അതോറിറ്റിയുടെ SOP കർശനമായി പാലിച്ചാകണം നടപടികളെന്നും ഉത്തരവിൽ പറയുന്നു.

കടുവ അക്രമണത്തിൽ പ്രതിഷേധിച്ച് മാനന്തവാടിയിൽ കോൺഗ്രസും എസ്ഡിപിഐയും നാളെ പ്രാദേശിക ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. നരഭോജിയായ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ബിഎൻഎസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

SCROLL FOR NEXT