വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവാ ദൗത്യത്തിൻ്റെ ഭാഗമായി പഞ്ചാരക്കൊല്ലിയിലും സമീപ പ്രദേശങ്ങളിലും നാളെ കർഫ്യൂ പ്രഖ്യാപിച്ചു. പഞ്ചാരക്കൊല്ലി, മേലേ ചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയം കുന്ന് ഭാഗങ്ങളിലാണ് നാളെ കർഫ്യൂ പുറപ്പെടുവിച്ചത്. രാവിലെ ആറ് മണി മുതൽ 48 മണിക്കൂറാണ് കർഫ്യൂ.
ജനങ്ങൾ പുറത്തിറങ്ങരുതെന്നും കടകൾ തുറക്കരുതെന്നും മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കർഫ്യൂ ഏർപ്പെടുത്തിയിരിയ്ക്കുന്ന സ്ഥലങ്ങളിൽ സഞ്ചാര വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകൾക്ക് പോകേണ്ട വിദ്യാർഥികൾക്കായി വാഹനസൗകര്യം ഏർപ്പെടുത്തും. ഇതിനായി കൗൺസിലർമാരെ ബന്ധപ്പെടണം.
കടുവ വീണ്ടും ആക്രമിച്ചതോടെ പ്രതിഷേധാഗ്നിയിൽ മുങ്ങിയിരിക്കുകയാണ് പഞ്ചാരക്കൊല്ലി. രാവിലെയോടെയാണ് ദൗത്യത്തിനിറങ്ങിയ RRT അംഗത്തിന് നേരെ കടുവ ചാടിവീണത്. കടുവയുടെ നഖം കൊണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജയസൂര്യയുടെ വലത് കൈക്ക് പരിക്കേറ്റു. ഷീൽഡ് കൊണ്ട് പ്രതിരോധിച്ചതോടെയാണ് കടുവ ഓടിമറഞ്ഞത്.
തുടർച്ചയായി ആക്രമണം വന്നതിനാൽ കടുവയെ നരഭോജിയെന്ന് പ്രഖ്യാപിച്ച് ഉത്തരവിറക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കടുവയെ വെടിവച്ച് കൊല്ലാനുള്ള എസ്ഒപിയുടെ ആദ്യപടിയാണ് നരഭോജിയായി പ്രഖ്യാപിച്ചുള്ള ഉത്തരവിറക്കൽ. സംസ്ഥാനത്ത് ആദ്യമായാണ് അസാധാരണമായ ഈ പ്രഖ്യാപനം. നരഭോജി കടുവയെ കൊല്ലാൻ 30 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തെരച്ചിലിനായി കുങ്കിയാനയും എത്തും.