NEWSROOM

എട്ടാം ദിവസവും കടുവയെ കണ്ടെത്താനായില്ല; കരുവാരക്കുണ്ടിൽ പ്രതിഷേധവുമായി നാട്ടുകാര്‍

കടുവയെ കണ്ടെത്തിയ സുല്‍ത്താന എസ്റ്റേറ്റിൽ ഒരു കൂടും രണ്ട് ലൈവ് സ്ട്രീമിംഗ് ക്യാമറകളും സ്ഥാപിച്ചു

Author : ന്യൂസ് ഡെസ്ക്

മലപ്പുറം കാളികാവ് കടുവ ദൗത്യത്തിന്റെ എട്ടാം ദിവസവും കടുവയെ കണ്ടെത്താനായില്ല. കരുവാരക്കുണ്ട് സുല്‍ത്താന എസ്റ്റേറ്റില്‍ പ്രദേശവാസി കടുവയെ കണ്ടെങ്കിലും സ്ഥാനം കണ്ടെത്തി മയക്കുവെടിവെക്കാന്‍ ഇന്നും കഴിഞ്ഞില്ല. തെരച്ചിലില്‍ സംശയം പ്രകടിപിച്ച് നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു വച്ചു.

കരുവാരക്കുണ്ട് സുല്‍ത്താന എസ്റ്റേറ്റില്‍ സ്ഥാപിച്ച ക്യാമറയില്‍ കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നു. ആര്‍ആര്‍ടി സംഘത്തിന്റെ തിരച്ചിലിനിടെ കടുവയെ മറ്റൊരിടത്ത് കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിച്ചു.

കടുവയെ കണ്ടെത്തിയിട്ടും ഒരു നടപടിയും എടുക്കാന്‍ വനംവകുപ്പ് തയ്യാറാകുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയായിരുന്നു. രാത്രിയില്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കണം എന്നായിരുന്നു പ്രധാന ആവശ്യം. തുടര്‍ന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ നാട്ടുകാര്‍ നടത്തിയ ചര്‍ച്ചയില്‍ വനംവകുപ്പ് സംരക്ഷണം ഉറപ്പു നല്‍കി.

കടുവയെ കണ്ടെത്തിയ സുല്‍ത്താന എസ്റ്റേറ്റിലും ഒരു കൂടും രണ്ട് ലൈവ് സ്ട്രീമിംഗ് ക്യാമറകളും സ്ഥാപിച്ചു. വെള്ളിയാഴ്ചയും കേരള എസ്റ്റേറ്റും സുല്‍ത്താന എസ്റ്റേറ്റും കേന്ദ്രീകരിച്ച് തിരച്ചില്‍ നടക്കും.

SCROLL FOR NEXT