NEWSROOM

തലപ്പുഴയിൽ വീണ്ടും കടുവ സാന്നിധ്യം; കടുവയുടെ ചിത്രം വനം വകുപ്പിന്റെ നിരീക്ഷണ ക്യാമറയിൽ: ഭീതിയോടെ നാട്ടുകാർ

സ്ഥലത്ത് പരിശോധന നടത്തി ഉടൻ കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു

Author : ന്യൂസ് ഡെസ്ക്


വയനാട് തലപ്പുഴയിൽ വീണ്ടും കടുവ സാന്നിധ്യം. കഴിഞ്ഞദിവസം രാത്രി ഒൻപത് മണിയോടെ പ്രദേശവാസിയായ സന്തോഷും കുടുംബവുമാണ് കടുവയെ കണ്ടത്. കടുവയുടെ ചിത്രം വനം വകുപ്പിന്റെ നിരീക്ഷണ ക്യാമറയിലും പതിഞ്ഞിട്ടുണ്ട്. കാമറ സ്ഥാപിച്ചതിന്റെ സമീപത്തായാണ് കടുവ എത്തിയത്. സ്ഥലത്ത് പരിശോധന നടത്തി ഉടൻ കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

തലപ്പുഴക്കടുത്തുള്ള കണ്ണോത്തുമല, കാട്ടെരിക്കുന്ന്, കമ്പിപ്പാലം, ഗോദാവരി, പുതിയിടം, 10 ആം നമ്പർ എന്നിവിടങ്ങളിലൊക്കെ കടുവ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് തലപ്പുഴ ക്ഷീരോത്പാദക സഹകരണ സൊസൈറ്റിയിലെ സിസിടിവിയിലും കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പ്രദേശത്തെത്തിയത് മൂന്നു വയസ് പ്രായമുള്ള കടുവയാണെന്നാണ് വനം വകുപ്പിന്റെ നി​ഗമനം.

ഫെബ്രുവരി 16-ാം തീയതി പ്രദേശത്ത് കടുവയുടെ കാൽപാടുകൾ കണ്ടെത്തിയിരുന്നു. തലപ്പുഴ പാൽ സൊസൈറ്റിക്ക് സമീപത്തുള്ള കൃഷിയിടത്തിലാണ് കാൽ‌പ്പാടുകൾ കണ്ടെത്തിയത്. തുടർന്ന് സ്ഥലത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. മാനന്തവാടി കണിയാരം ഭാഗത്തും കടുവ എത്തിയതിന്‍റെ സിസിടി ദൃശ‍്യങ്ങൾ ലഭിച്ചിരുന്നു. കണ്ണോത്തുമല, കാട്ടേരിക്കുന്ന്, കമ്പിപ്പാലം, ഇടിക്കര, പത്താം നമ്പര്‍, പുതിയിടം തുടങ്ങിയ പ്രദേശങ്ങൾ കുറച്ചു നാളുകളായി കടുവ ഭീതിയിലാണ്.

SCROLL FOR NEXT