NEWSROOM

സന്തതസഹചാരിയായി ടിം വാൾസ്; വൈസ് പ്രസിഡൻ്റ് സ്ഥാനാ‍‍‍‍ർഥി പ്രഖ്യാപനവുമായി കമല ഹാരിസ്

അടുത്ത ദിവസങ്ങളിൽ തന്നെ ടിം വാൾസിനോടൊപ്പമുള്ള പ്രചാരണ പരിപാടികൾ ആരംഭിക്കുമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

Author : ന്യൂസ് ഡെസ്ക്

നവംബർ രണ്ടിന് നടക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മിന്നസോട്ട ​ഗവ‍ർണർ ടിം വാൾസിനെ വൈസ് പ്രസിഡൻ്റ് സ്ഥാനാ‍‍‍‍ർഥിയായി പ്രഖ്യാപിച്ച് കമല ഹാരിസ്. റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാ‍ർഥിയായ ഡൊണാൾഡ് ട്രംപ് വൈസ് പ്രസിഡൻ്റ് സ്ഥാനാ‍ർഥിയായി ഒഹിയോ സെനേറ്റ‍ർ ജെ.ഡി. വാൻസിനെ തെരഞ്ഞെടുത്തിരുന്നു. ജെ.ഡി. വാൻസിനെതിരെ ആരെയായിരിക്കും ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡൻ്റ് സ്ഥാനാ‍‍‍‍ർഥിയാക്കുക എന്നതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് കമല ഹാരിസ് വൈസ് പ്രസിഡൻ്റ് സ്ഥാനാ‍‍‍‍ർഥിയായി ടിം വാൾസിനെ പ്രഖ്യാപിച്ചത്. അടുത്ത ദിവസങ്ങളിൽ തന്നെ ടിം വാൾസിനോടൊപ്പമുള്ള പ്രചാരണ പരിപാടികൾ ആരംഭിക്കുമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

2006ൽ റിപ്പബ്ലിക്കൻ അനുഭാവമുള്ള ജില്ലയിലാണ് വാൾസ് ആദ്യമായി സ്ഥാനാർഥിയായി മത്സരിച്ചത്. 2018ൽ മിനസോട്ട ഗവർണർ പദവി നേടുന്നത് വരെ അദ്ദേഹം ആ സീറ്റ് നിലനിർത്തി. നിരവധി പുരോഗമന നിയമനിർമാണങ്ങൾ നടത്തിയിട്ടുള്ള ടിം വാൾസിൻ്റെ നേതൃത്വത്തിലാണ് സ്‌കൂളുകളിൽ ഭക്ഷണം നൽകുക, മരിജ്വാന നിയമവിധേയമാക്കുക, ഗർഭച്ഛിദ്രത്തിന് അനുമതി, തോക്ക് നിയന്ത്രണ നടപടികൾ തുടങ്ങിയ നിയമങ്ങൾ നിലവിൽ വന്നത്. രാഷ്ട്രീയ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്നതിന് മുൻപ് മിന്നസോട്ടയിലെ ഒരു സ്‌കൂളിൽ അധ്യാപകനായിരുന്ന ടിം വാൾസ്, 24 വർഷത്തോളം ആർമിയിലും സേവനം അനുഷ്ഠിച്ചിരുന്നു.

കെൻ്റക്കി ഗവർണർ ആൻഡി ബെഷിയർ, ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി പീറ്റ് ബൂട്ടിഗീഗ്, നോർത്ത് കരോലിന ഗവർണർ റോയ് കൂപ്പർ, അരിസോണ സെനേറ്റർ മാർക്ക് കെല്ലി, പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപ്പിറോ, ഇല്ലിനോയ്സ് ഗവർണർ ജെ.ബി. പ്രിറ്റ്സ്കർ, മിഷിഗാൻ ഗവർണർ ഗ്രെച്ച്മാൻ വിറ്റ്മാർ എന്നിവരായിരുന്നു കമല ഹാരിസിൻ്റെ വൈസ് പ്രസിഡൻ്റ് സ്ഥാനാർഥി സാധ്യത പട്ടികയിൽ ഉണ്ടായിരുന്നത്. ഇവരെ പിന്തള്ളിയാണ് ടിം വാൾസ് സ്ഥാനാർഥിയാകുന്നത്.

SCROLL FOR NEXT