NEWSROOM

EXCLUSIVE | കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തടിക്കടത്ത്

ലക്ഷങ്ങൾ വിലപിടിപ്പുള്ള തേക്കും ചന്ദനവും ഉൾപ്പെടെയുള്ള തടികളാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കടത്തുന്നത്

Author : ന്യൂസ് ഡെസ്ക്

കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നികുതി വെട്ടിച്ച് തടിക്കടത്ത്. ലക്ഷങ്ങൾ വിലപിടിപ്പുള്ള തടികളാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കടത്തുന്നത്. തേക്കും ചന്ദനവും ഉൾപ്പടെയുള്ള മരത്തടികൾ കടത്തുന്നതായാണ് വിവരം. വർഷങ്ങളായി പണം വാങ്ങി നടത്തുന്ന തടിക്കടത്തിൻ്റെ തെളിവുകൾ ന്യൂസ്‌ മലയാളത്തിന് ലഭിച്ചു.

ചന്ദനം സ്വാഭാവികമായി മുളച്ചുപൊന്തുന്ന മറയൂർ, ആര്യങ്കാവ് വനമേഖലയ്ക്ക് സമീപമുള്ള ചെക്ക്‌പോസ്റ്റാണ് ഇത്. വിലകുറഞ്ഞ മരത്തടികൾക്കിടയിൽ ഒളിപ്പിച്ചാണ് ഇവർ തടി കടത്തുന്നത്. എന്നാൽ പിടിക്കപ്പെട്ടാൽ പണിയാണെന്നും സൂക്ഷിക്കണമെന്നുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ തടിക്കടത്തുകാർക്ക് നൽകുന്ന ഉപദേശം. ഇതിൻ്റെ തെളിവുകളും ന്യൂസ് മലയാളത്തിന് ലഭിച്ചിട്ടുണ്ട്.

ലോഡിന് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പണം വാങ്ങിയാണ് ഉദ്യോഗസ്ഥർ എല്ലാ ഒത്താശയും ചെയ്യുന്നത്. തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കാണ് തടികൾ കടത്തുന്നത്. പിടിക്കപ്പെട്ടാൽ പണിയാണെന്നും സൂക്ഷിക്കണമെന്നും കൂടെയുള്ളവരോടുപോലും പറയരുതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ ഉപദേശിക്കുന്നുമുണ്ട്.


നേരത്തെ നടുവത്തുംമുഴി റേഞ്ചിലെ മരംമുറി സംബന്ധിച്ച വാര്‍ത്ത ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. നടുവത്തെ മുഴിറേഞ്ചില്‍ പാടം സ്റ്റേഷന്‍ പരിധിയിലുള്ള വനത്തില്‍ നിന്നും തേക്കും മരുതും ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചു കടത്തിയതായാണ് ന്യൂസ് മലയാളം പുറത്തുവിട്ടത്. കല്ലേലി, ഹാരിസണ്‍ എസ്റ്റേറ്റ് അതിര്‍ത്തിയില്‍, നടുവത്തും മുഴിറേഞ്ചില്‍ നിന്നാണ് കൂടുതല്‍ മരങ്ങള്‍ മുറിച്ചുമാറ്റിയ ദൃശ്യങ്ങള്‍ ലഭിച്ചത്. വര്‍ഷങ്ങള്‍ പഴക്കമുള്ള നിരവധി മരങ്ങളാണ് മുറിച്ചുകടത്തിയത്. മരക്കുറ്റികള്‍ക്ക് പഴക്കം വരാനും, പെട്ടെന്ന് ദ്രവിച്ചു പോകാനും പഞ്ചസാര, മെര്‍ക്കുറി എന്നിവ ഉപയോഗിച്ച് കത്തിക്കുന്നതാണ് വനംകൊള്ളക്കാരുടെ രീതി.

SCROLL FOR NEXT