NEWSROOM

'കാലം സാക്ഷി, ചരിത്രം സാക്ഷി'; ട്വന്‍റി-20 ലോകകപ്പ് ഇന്ത്യയ്ക്ക്

ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 7 റണ്‍സിന് പരാജയപ്പെടുത്തി.നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ട്വന്‍റി-20 ലോകകപ്പില്‍ മുത്തമിടുന്നത്

Author : ന്യൂസ് ഡെസ്ക്

ട്വന്‍റി-20 ലോകകപ്പിന്‍റെ ആവേശകരമായ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 7 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ട്വന്‍റി-20 ലോകകപ്പില്‍ മുത്തമിടുന്നത്. ഗ്രൂപ്പ് ഘട്ടത്തിലടക്കം ഒരു മത്സരവും തോല്‍ക്കാതെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. 76 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് കളിയിലെ താരം.ഫൈനലിലടക്കം മികച്ച പ്രകടനം കാഴ്ചവെച്ച ജസ്പ്രീത് ബുംറയാണ് ടൂര്‍ണമെന്‍റിലെ താരം. 15 വിക്കറ്റാണ് താരം വീഴ്ത്തിയത്. ഡി കോക്കിൻ്റേയും ക്ലാസൻ്റേയും ഇന്നിങ്‌സുകളുടെ ബലത്തില്‍ ദക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും വിജയത്തിലെത്തിയില്ല.

ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ജസ്പ്രീത് ബുംറയിലൂടെ ഇന്ത്യ ആദ്യ മറുപടി നല്‍കി. 4 റണ്‍സെടുത്ത റീസാ ഹെന്‍ഡ്രിക്കിനെയാണ് ബുംറ ബൗള്‍ഡ് ആക്കിയത്. പിന്നാലെ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ നായകന്‍ മര്‍ക്രത്തെ പുറത്താക്കി അര്‍ഷദീപ് സിങ് ദക്ഷിണാഫ്രിക്കയെ സമ്മര്‍ദ്ദത്തിലാക്കി. പിന്നാലെയെത്തിയ ക്വിന്‍റന്‍ ഡികോക്കും ട്രിസ്റ്റന്‍ സ്റ്റബ്സും നിലയുറപ്പിച്ചതോടെ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ കുതിക്കാന്‍ തുടങ്ങി. ഒമ്പതാം ഓവറിലെ അഞ്ചാം പന്തില്‍ സ്റ്റബ്സിനെ പുറത്താക്കി അക്സര്‍ പട്ടേല്‍ ഡികോക്കുമായുള്ള 63 റണ്‍സിന്‍റെ കൂട്ടുകെട്ട് പൊളിച്ചു. രണ്ടാം ഇന്നിങ്സിലെ പത്ത് ഓവറുകള്‍ പിന്നിടുമ്പോള്‍ 81/3 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. ഒരു ഘട്ടത്തില്‍ അപകടകാരിയായി മാറിയ ഡികോക്കിനെ പുറത്താക്കി അര്‍ഷദീപ് സിങ് വീണ്ടും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. 31 പന്തില്‍ 39 റണ്‍സാണ് ഡികോക്ക് അടിച്ചുകൂട്ടിയത്.

ഡേവിഡ് മില്ലറെ കൂട്ടുപിടിച്ച് ക്ലാസെന്‍ നടത്തിയ കിടിലന്‍ ബാറ്റിങ് ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അക്സര്‍ പട്ടേല്‍ എറിഞ്ഞ 15-ാം ഓവറില്‍ 24 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ അടിച്ചുകൂട്ടിയത്. 24 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ ക്ലാസൻറെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമായി. 17-ാം ഓവറിലെ ആദ്യ പന്തില്‍ ക്ലാസെനെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യ വീണ്ടും ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി. 27 പന്തില്‍ അഞ്ച് സിക്സും രണ്ട് ഫോറും അടക്കം 52 റണ്‍സാണ് ക്ലാസെന്‍ നേടിയത്. മത്സരം ഇന്ത്യ കൈവിട്ടെന്ന് തോന്നിച്ച നിമിഷം 18-ാം ഓവറിലെ നാലാം പന്തില്‍ മാര്‍ക്കോ ജാന്‍സനെ ബുംറ പുറത്താക്കി. മത്സരം അവസാനിക്കാന്‍ രണ്ട് ഓവര്‍ ബാക്കി നില്‍ക്കെ 20 റണ്‍സ് കൂടി വേണമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാന്‍. 19-ാം ഓവര്‍ ബോള്‍ ചെയ്ത അര്‍ഷദീപ് സിങ് കേവലം നാല് റണ്‍സ് മാത്രമാണ് വഴങ്ങിയത്. ജയപരാജയം നിര്‍ണയിച്ച ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് മില്ലറെ ഒരു ഗംഭീര ക്യാച്ചിലൂടെ പുറത്താക്കി സൂര്യകുമാര്‍ യാദവ് ഇന്ത്യയെ വിജയത്തോട് അടുപ്പിച്ചു. അവസാന ഓവറിലെ അഞ്ചാം പന്തില്‍ റബാഡയെ പുറത്താക്കി ബുംറ വിജയം ഉറപ്പാക്കി.

ആദ്യ ഇന്നിങ്സില്‍ മോശം തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ആദ്യ രണ്ട് ഓവറുകള്‍ പൂര്‍ത്തിയാകും മുന്‍പെ ദക്ഷിണാഫ്രിക്ക വരവറിയിച്ചു. 9 റണ്‍സ് എടുത്ത നായകന്‍ രോഹിതിനെ കേശവ് മഹാരാജ് ഹെന്‍ട്രിക് ക്ലാസന്‍റെ കൈകളിലെത്തിച്ചു. പിന്നാലെയെത്തിയ ഋഷഭ് പന്തിനെ പുറത്താക്കി കേശവ് മഹാരാജ് ഇന്ത്യയ്ക്ക് രണ്ടാം പ്രഹരം നല്‍കി. നാലാം ഓവറിലെ മൂന്നാം പന്തില്‍ സൂര്യകുമാര്‍ യാദവിനെ പുറത്താക്കി റബാഡ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ സമ്മര്‍ദത്തിലാക്കി. ആദ്യ അഞ്ച് ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 39/3 എന്ന നിലയിലായിരുന്നു ഇന്ത്യയുടെ നില. കരുതലോടെ കളിച്ച വിരാട് കോഹ്ലിയും അക്സര്‍ പട്ടേലും ടീം സ്കോര്‍ സാവധാനം ഉയര്‍ത്തിക്കൊണ്ടിരുന്നു. 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സായിരുന്നു ഇന്ത്യന്‍ സ്കോര്‍. ബൗണ്ടറി ലൈനിലടക്കം ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാര്‍ ഉണര്‍ന്നു കളിച്ചത് ഇന്ത്യയുടെ സ്കോറിങ് മന്ദഗതിയിലാക്കി. 13-ാം ഓവറിലെ മൂന്നാം പന്തില്‍ 47 റണ്‍സെടുത്ത അക്സര്‍ പട്ടേലിനെ ക്വിന്‍റന്‍ ഡിക്കോക്ക് റണൗട്ടാക്കി. മുന്‍ മത്സരങ്ങളില്‍ ഫോം ഔട്ടായിരുന്ന വിരാട് കോഹ്ലിയുടെ അര്‍ധ സെഞ്ചുറി ഇന്ത്യന്‍ ബാറ്റിംഗില്‍ നിര്‍ണായകമായി. 18-ാം ഓവറിലെ അഞ്ചാം പന്തില്‍ ജാന്‍സെന്‍ എറിഞ്ഞ പന്ത് റബാദയുടെ കൈകളിലെത്തിയതോടെ കോഹ്ലിയും പുറത്തായി. 59 പന്തില്‍ നിന്ന് രണ്ട് സിക്സും ആറ് ഫോറും അടക്കം 76 റണ്‍സായിരുന്നു വിരാട് കോഹ്ലിയുടെ സംഭാവന. അവസാന ഓവറില്‍ 27 റണ്‍സുമായി ശിവം ദുബെയും മടങ്ങി. അവസാന പന്തില്‍ രണ്ട് റണ്‍സെടുത്ത ജഡേജയും മടങ്ങിയതോടെ ഇന്ത്യന്‍ സ്കോര്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സില്‍ അവസാനിച്ചു.

SCROLL FOR NEXT