മുഹമ്മദ്  ഉമര്‍ 
NEWSROOM

ഉമറിനെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണം ഉണ്ടെന്ന് കരുതി, ഇല്ലെന്ന് കണ്ടപ്പോള്‍ വഴിയില്‍ ഉപേക്ഷിച്ചു; പിന്നില്‍ സ്വര്‍ണം 'പൊട്ടിക്കല്‍' സംഘം

തിരുനൽവേലി സ്വദേശി മുഹമ്മദ്  ഉമറിനെയാണ് തട്ടിക്കൊണ്ടു പോയത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്ത് സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ആളെ തിരുനൽവേലിയിൽ നിന്ന് കണ്ടെത്തി. തിരുനൽവേലി സ്വദേശി മുഹമ്മദ്  ഉമറിനെയാണ് തട്ടിക്കൊണ്ടു പോയത്. വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വർണം തട്ടിയെടുക്കുന്ന 'പൊട്ടിക്കൽ' പരിപാടിയാണ് തിരുവനന്തപുരത്ത് നടന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഉമറിന്‍റെ കൈവശം സ്വർണമുണ്ടെന്ന ധാരണയില്‍  സ്വർണം പൊട്ടിക്കൽ സംഘം തട്ടിക്കൊണ്ട് പോകുകയായിരുന്നു.


ചൊവ്വാഴ്ച അർധ രാത്രി പന്ത്രണ്ട് മണിയോടെയാണ് ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന തിരുനെൽവേലി സ്വദേശിയെ തട്ടിക്കൊണ്ടുപോയത്. തിരുവനന്തപുരം സ്വദേശികളാണ് പ്രതികൾ. സിംഗപ്പൂരിൽ നിന്നുള്ള വിമാനത്തിൽ വരുന്ന സ്വർണം യാത്രക്കാരനിൽ നിന്ന് വാങ്ങി മറ്റൊരിടത്ത് എത്തിക്കാനായുള്ള കാരിയറായാണ് ഉമർ എത്തിയത്.

എന്നാൽ ഈ സ്വർണം കസ്റ്റംസ് തടഞ്ഞു വച്ചതോടെ പദ്ധതി തകിടം മറിഞ്ഞു. അങ്ങനെ ഉമർ മടങ്ങുന്നതിനിടെയാണ് എതിർസംഘം ഉമറിനെ പിടികൂടിയത്. തട്ടിക്കൊണ്ട് പോയി പാതിവഴി എത്തിയപ്പോഴാണ് ഉമറിൻ്റെ കയ്യിൽ സ്വർണമില്ലെന്ന് സംഘത്തിന് മനസിലായത്. അതോടെ ഉമറിനെ വഴിയിൽ ഇറക്കി വിടുകയായിരുന്നു. ഉമറും സ്വർണ്ണക്കടത്ത് സംഘത്തിൽ ഉൾപ്പെട്ടയാളാണ്.പ്രതികളെ തിരിച്ചറിഞ്ഞെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. 

SCROLL FOR NEXT