NEWSROOM

തിരുപ്പതി ലഡുവിലെ മൃഗക്കൊഴുപ്പ്: 'രാഷ്ട്രീയ നാടകം വേണ്ട, ഇത് വിശ്വാസികളുടെ കാര്യം'; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീംകോടതി

സിബിഐയിലെ രണ്ട് അംഗങ്ങളും, ആന്ധ്രാ പൊലീസിലെ രണ്ട് അംഗങ്ങളും ഒരു എഫ്എസ്എസ്എഐ അംഗവും അടങ്ങുന്ന എസ്ഐടിയെ ആണ് കോടതി കേസന്വേഷണത്തിനായി നിയോഗിച്ചത്

Author : ന്യൂസ് ഡെസ്ക്



തിരുപ്പതി ലഡു വിവാദം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീം കോടതി. രണ്ട് സിബിഐ ഉദ്യോഗസ്ഥര്‍, ആന്ധ്രപ്രദേശ് പൊലീസില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥര്‍, ഭക്ഷ്യ സുരക്ഷ, ഗുണ നിലവാര അതോറിറ്റിയില്‍ നിന്നുള്ള ഒരാള്‍ എന്നിങ്ങനെ അഞ്ചുപേരാണ് സംഘത്തിലുള്ളത്. സിബിഐ ഡയറക്ടറുടെ മേല്‍നോട്ടത്തിലാകും അന്വേഷണം. ലഡു നിർമാണത്തിനായി മൃ​ഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന ആരോപണമാണ് സംഘം അന്വേഷിക്കുക.

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായി നൽകുന്ന ലഡുവിൽ മൃഗക്കൊഴുപ്പ് കലർന്നിട്ടുണ്ടെന്ന ആരോപണത്തിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഉത്തരവ്. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കോടിക്കണക്കിന് വിശ്വാസികളുടെ വികാരം കണക്കിലെടുത്താണ് അന്വേഷണത്തിനായി എസ്ഐടിക്ക് രൂപം നൽകുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.

കേസിൻ്റെ അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ തിരുപ്പതി ലഡു സംബന്ധിച്ച് പരസ്യമായ ആരോപണങ്ങൾ ഉന്നയിച്ചതിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെ നേരത്തെ കോടതി വിമർശിച്ചിരുന്നു. കോടിക്കണക്കിന് ഭക്തരുടെ വികാരത്തെ ബാധിക്കുന്ന വിഷയമാണിതെന്നും അതിനാൽ പൊതു അഭിപ്രായം പറയുന്നതിൽ മുഖ്യമന്ത്രി കൂടുതൽ വിവേകം കാണിക്കണമെന്നുമായിരിന്നു കോടതിയുടെ വിമർശനം. ലഡു നിർമിക്കാൻ മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്നതിന് കൃത്യമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ALSO READ: 'ദൈവത്തെയെങ്കിലും രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തണം'; ആന്ധ്രാ സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം

ജഗൻ മോഹൻ റെഡ്ഡിയുടെ കീഴിലുള്ള സർക്കാർ തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നു എന്ന ചന്ദ്രബാബു നായിഡുവിൻ്റെ ആരോപണമാണ് വിവാദത്തിന് തുടക്കമിട്ടത്. മായം കലർന്നേക്കാവുന്ന നെയ്യ് അടങ്ങിയ ടാങ്കർ ജൂലൈ 12ന് തിരുപ്പതിയിൽ എത്തിയെങ്കിലും അത് തിരിച്ചയക്കുകയായിരുന്നെന്നാണ് ജഗൻ മോഹൻ റെഡ്ഡിയുടെ വാദം.

SCROLL FOR NEXT