തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണക്കേസിലെ പ്രതിയായ അജ്മലിനും സഹോദരനും ജാമ്യം നിഷേധിച്ച് താമരശേരി കോടതി. പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്ന് നിരീക്ഷിച്ച കോടതി പ്രതികളുടെ പങ്ക് പ്രഥമ ദൃഷ്ടാ വ്യക്തമാണന്നും അറിയിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്ക് നിർഭയമായി ജോലിചെയ്യാനാവണം. പൊതുമുതൽ സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും ഭരണഘടനപരമായ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് പ്രതിയായ അജ്മലിൻ്റെ പിതാവ് യു സി റസാഖിൻ്റെ പേരിലുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാൻ എത്തിയ ലൈൻമാനെ യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ അജ്മലും സഹോദരനും കൂടി ആക്രമിച്ചത്. ഇതിനു പിന്നാലെ, സണ്‍റൈസ് മീറ്റിംഗ് സമയത്ത് സെക്ഷന്‍ ഓഫീസില്‍ കടന്നുകയറിയ അക്രമികള്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ ദേഹത്ത് ഭക്ഷണാവശിഷ്ടങ്ങളടങ്ങുന്ന മലിനജലം ഒഴിക്കുകയും, സ്ത്രീകളുള്‍പ്പെടെയുള്ള ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു. കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഓഫീസ് ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു. ആക്രമണത്തില്‍ ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായിരുന്നു.