NEWSROOM

ടൈറ്റാനിക് കാണാനുള്ള ആ യാത്ര അപകടം പിടിച്ചതാണെന്ന് അറിയാമായിരുന്നു, തുറന്നു പറഞ്ഞ് ടൈറ്റന്‍ മിഷന്‍ സ്‌പെഷ്യലിസ്റ്റ്

അന്ന് പേടകത്തിലേക്ക് കയറിയ അഞ്ച് പേരുടെയും ചിരിക്കുന്ന മുഖങ്ങള്‍ ഇപ്പോഴും തന്‍റെ മുമ്പിലുണ്ടെന്നും സത്യപ്രസ്താവന നല്‍കുന്നതിനിടെ വിതുമ്പികൊണ്ട് റോജാസ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്




അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലുറങ്ങുന്ന ടൈറ്റാനിക് എന്ന തകര്‍ന്ന കപ്പലിന്റെ അവശേഷിപ്പുകള്‍ കാണാനാണ് ഓഷ്യന്‍ ഗേറ്റിന്റെ ടൈറ്റന്‍ എന്ന അന്തര്‍വാഹിനി ജൂണ്‍ 18ന് പുറപ്പെട്ടത്. അഞ്ച് പേരുമായി യാത്ര ആരംഭിച്ച അന്തര്‍വാഹിനിക്ക് പിന്നീട് സംഭവിച്ചതെല്ലാം ഞെട്ടലോടെയാണ് ലോകം കേട്ടത്. ടൈറ്റന്‍ പേടകം തകര്‍ന്ന് അന്ന് പേടകത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടു. ഓഷ്യന്‍ ഗേറ്റ് സിഇഒ സ്‌റ്റോക്റ്റന്‍ റഷ്, ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാര്‍ഡിംഗ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്താനി വ്യവസായിയായിരുന്ന ഷഹ്‌സാദ ദാവൂദ്, മകന്‍ സുലൈമാന്‍, ഫ്രഞ്ച് പര്യവേഷകന്‍ പോള്‍ ഹെന്റി തുടങ്ങിയവരായിരുന്നു അതിസാഹസിക യാത്രയില്‍ കൊല്ലപ്പെട്ടവര്‍.

ടൈറ്റന്റെ യാത്രയും പേടകത്തിന്റെ തകര്‍ച്ചയുമെല്ലാം ലോകത്തിന് അത്ര എളുപ്പത്തില്‍ സംഗ്രഹിച്ചെടുക്കാനാവുന്നതായിരുന്നില്ല. കടലിനടിയിലുണ്ടായ മര്‍ദത്തില്‍ പേടകം തകര്‍ന്നുവെന്നും അതിനകത്തുണ്ടായിരുന്നവരെല്ലാം പേടകത്തിന്റെ തകര്‍ച്ചയില്‍ ഛിന്നഭിന്നമായിരിക്കാമെന്നും ഉള്‍പ്പെടെ പിന്നീട് പുറത്തുവന്ന ഓരോ വാര്‍ത്തകളുടെയും ആഴങ്ങളിലേക്ക് പുതിയ വിവരങ്ങളറിഞ്ഞ മനുഷ്യര്‍ ഊളിയിട്ടു.

ഏറെ സന്തോഷകരമായി ആരംഭിച്ച യാത്ര ദുരന്തമാവാന്‍ അധിക സമയം എടുത്തിരുന്നില്ല. പേടകം യാത്ര പുറപ്പെട്ട് ഒരു മണിക്കൂറും 45 മിനിട്ടും പിന്നിട്ടപ്പോഴേക്കും മദര്‍ വെസലായ പോളാര്‍ പ്രിന്‍സുമായുള്ള ബന്ധം ടൈറ്റന് നഷ്ടപ്പെട്ടിരുന്നു. പിന്നീട് പേടകത്തിന് എന്തു സംഭവിച്ചുവെന്നതിനെക്കുറിച്ച് ആര്‍ക്കും ഒരു വിവരവും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡ് അടക്കം വിവിധ രാജ്യങ്ങളുമായി സഹകരിച്ച് നടത്തിയ ദിവസങ്ങള്‍ നീണ്ട തെരച്ചില്‍ നടന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ കടലില്‍ നിന്ന് കേട്ട ശബ്ദം ദൗത്യസംഘത്തിന് പ്രതീക്ഷ നല്‍കുന്നതായിരുന്നെങ്കിലും അത്ഭുതമൊന്നും സംഭവിച്ചില്ല.

നാല് ദിവസത്തെ തെരച്ചിലിനൊടുവില്‍ പേടകം തകര്‍ന്നുവെന്ന സ്ഥിരീകരണമുണ്ടായി. ഇപ്പോഴിതാ 1200 അടി താഴ്ചയില്‍ കിടക്കുന്ന പേടകത്തിന്റ അവശിഷ്ടങ്ങളുടെ പുതിയ ദൃശ്യങ്ങളും വീണ്ടും ചര്‍ച്ചയാവുകയാണ്. അടുത്തിടെ ഒരു പൊതു പരിപാടിയിലാണ് തകര്‍ന്ന സമയത്തെ പേടകത്തിന്റെ ദൃശ്യങ്ങള്‍ കോസ്റ്റ് ഗാര്‍ഡ് പുറത്തുവിട്ടത്. പേടകത്തിന്റെ വാല്‍ഭാഗമെന്ന് കരുതുന്ന കൂര്‍ത്ത ഭാഗം കടലിന്റെ അടിത്തട്ടില്‍ കുത്തനെ നില്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പേടകത്തിന്റെ ഒരു വശത്തായി ഓഷ്യന്‍ ഗേറ്റ്, ടൈറ്റന്‍ എന്ന പേരും ദൃശ്യമാകുന്നുണ്ട്.

അന്ന് അപകടം നടക്കുന്നതിന് തൊട്ടുമുമ്പായി പേടകം അയച്ച അവസാന സന്ദേശവും നേരത്തെ പുറത്തുവന്നിരുന്നു. ഇവിടെ എല്ലാം ശുഭം എന്നായിരുന്നു കരയിലേക്ക് ലഭിച്ച അവസാനത്തെ സന്ദേശം. ഈ സന്ദേശം പുറത്തുവന്നത് ദ ടൈറ്റന്‍ സബ് ഡിസാസ്റ്റര്‍ എന്ന ബ്രിട്ടീഷ് ഡോക്യുമെന്ററി ചാനല്‍ 5 ലൂടെയാണ്. ഇവിടെ എല്ലാം ശുഭം എന്ന സന്ദേശം അയച്ചതിന് പിന്നാലെയായിരുന്നു മദര്‍ പോളാറിന് പേടകവുമായുള്ള അവസാനത്തെ ബന്ധവും നഷ്ടപ്പെട്ടതും.

ടൈറ്റന്‍ മിഷന്‍ സ്‌പെഷ്യലിസ്റ്റ് റെനെറ്റ റോജാസ് പേടകം തകര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ നല്‍കിയ സത്യപ്രസ്താവനയിൽ പറയുന്ന വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ടൈറ്റന്‍ പര്യവേഷണ പേടകമായിരുന്നത് കൊണ്ട് തന്നെ അത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നില്ലെന്ന കാര്യം തനിക്ക് അറിയാമായിരുന്നുവെന്ന് റോജാസ് പറയുന്നു.

തകര്‍ന്ന ടൈറ്റാനിക് കാണാനുള്ള ആ യാത്ര അപകടസാധ്യതയേറിയതായിരുന്നുവെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും എന്നാല്‍ സുരക്ഷിതമല്ലെന്ന് ഒരിക്കലും തോന്നിയില്ലെന്നും അവര്‍ റോജാസ്, സൗത്ത് കരോലീനയിലെ ചാള്‍സ്ടണ്‍ കൗണ്ടി കൗണ്‍സിലിന് മുമ്പില്‍ പറഞ്ഞു.

അന്ന് പേടകത്തിലേക്ക് കയറിയ അഞ്ച് പേരുടെയും ചിരിക്കുന്ന മുഖങ്ങള്‍ ഇപ്പോഴും തന്‍റെ മുമ്പിലുണ്ടെന്നും സത്യപ്രസ്താവന നല്‍കുന്നതിനിടെ വിതുമ്പികൊണ്ട് റോജാസ് പറഞ്ഞു. ടൈറ്റനെ അപ്പോളോ സ്‌പേസ് പ്രോഗ്രാമിനോട് ഉപമിച്ച റോജാസ് ഇനിയും പര്യവേഷണങ്ങള്‍ നടത്തുമെന്ന് അറിയിച്ചു.

അപകട സാധ്യത അറിഞ്ഞു കൊണ്ട് തന്നെ മുന്നോട്ട് പോയാല്‍ അല്ലാതെ പര്യവേഷണങ്ങള്‍ ഒന്നും തന്നെ നടക്കില്ലെന്നും, ലോകം ഒന്നുമില്ലാതെ പരന്നു തന്നെ കിടക്കുമെന്നും റോജാസ് സത്യപ്രസ്താവന അവസാനിപ്പിക്കുന്നതിനോടൊപ്പം പറഞ്ഞു.

SCROLL FOR NEXT