കോഴിക്കോട് കടലുണ്ടിയിൽ വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ച കേസിൽ ടിഎംഎച്ച് ഹോസ്പിറ്റൽ മാനേജ്മെന്റിനെ പ്രതി ചേർത്തു. രേഖകൾ കൃത്യമായി പരിശോധിക്കാതെ പ്രതി അബൂ എബ്രഹാം ലൂക്കിന് ജോലി നൽകിയതിനാണ് ഹോസ്പിറ്റൽ മാനേജ്മെന്റിനെ പ്രതി ചേർത്തത്.
ALSO READ: ആമയിഴഞ്ചാൻ തോട്ടിലേക്ക് മാലിന്യം തള്ളാൻ ശ്രമം; തടയാൻ ശ്രമിച്ച നഗരസഭ ജീവനക്കാരന് മർദനം
അതേസമയം, സംഭവുമായി ബന്ധപ്പെട്ട് ഹോസ്പിറ്റൽ മാനേജർ മനോജ് ഒളിവിലാണ്. തങ്ങളുടെ ഭാഗത്തു വീഴ്ചയുണ്ടെന്ന് ഹോസ്പിറ്റലിൽ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം 23ന് മരണപ്പെട്ട വിനോദ് കുമാറിന്റെ കുടുംബം നടത്തിയ അന്വേഷണത്തിലാണ് ഡോക്ടർ വ്യാജനാണെന്ന് കണ്ടെത്തിയത്.
പൂച്ചേരിക്കടവ് സ്വദേശി വിനോദ് കുമാറാണ് വ്യാജ ഡോക്ടറുടെ പിഴവിനെ തുടർന്ന് ഈ മാസം 23ന് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് കടലുണ്ടി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ ചികിത്സ തേടിയ വിനോദ് കുമാറിന് ആശുപത്രിയിലെ ആർഎംഓ അബു അബ്രഹാം ലൂക്ക് ആയിരുന്നു ചികിത്സ നൽകിയത്. പിന്നാലെ ഇയാള്‍ വ്യാജ ഡോക്ടർ ആണെന്ന് ആരോപണവുമായി വിനോദിന്‍റെ കുടുംബം രംഗത്തെത്തി.
മരിച്ച വിനോദ് കുമാറിന്റെ മകൻ ഡോക്ടർ അശ്വിൻ നടത്തിയ അന്വേഷണത്തിലാണ് അബു അബ്രഹാം എംബിബിഎസ് പാസായിട്ടില്ലെന്നു വ്യക്തമായത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യാജ ഡോക്ടർ അബു എബ്രഹാം ലൂക്കിനെ മുക്കത്ത് നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. കുടുംബം ഫറോക്ക് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അബു എബ്രഹാം ലൂക്കിനെ കസ്റ്റഡിയിൽ എടുത്തത്.