കാണിക്കവഞ്ചിയിൽ സമർപ്പിക്കുന്നതെല്ലാം ദൈവത്തിനാണെന്നാണ് സങ്കൽപം. കാര്യസാധ്യത്തിനായി കാണിക്കവഞ്ചിയിൽ സ്വർണം വരെ നേർച്ച ചെയ്യുന്ന ഭക്തർ അനവധിയാണ്. എന്നാൽ അബദ്ധത്തിൽ വീണ ഐഫോണും ദൈവത്തിനാണെന്ന് അധികൃതർ പറഞ്ഞതോടെ കുഴഞ്ഞിരിക്കുകയാണ് തമിഴ്‌നാട്ടിലെ യുവാവ്. ചെന്നൈയ്ക്ക് സമീപത്തുള്ള തിരുപോരൂർ അരുൾമിഗു കന്തസ്വാമി ക്ഷേത്രത്തിലാണ് സംഭവം. പണം ഇടുന്നതിനിടെ യുവാവിൻ്റെ ഫോൺ അബദ്ധത്തിൽ നേർച്ചപെട്ടിയിലേക്ക് വീഴുകയായിരുന്നു. തിരികെ ചോദിച്ചപ്പോൾ, കാണിക്കവഞ്ചിയിലുടന്നതെല്ലാം ദൈവത്തിനാണെന്നായിരുന്നു അധികൃതരുടെ മറുപടി.
കഴിഞ്ഞ മാസം കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തിയ വിനായകപുരം സ്വദേശി ദിനേശിൻ്റെ ഐഫോണാണ് കാണിക്കവഞ്ചിയിൽ വീണത്. പ്രാർഥനയ്ക്ക് ശേഷം പോക്കറ്റിൽ നിന്ന് പണമെടുക്കവെ, ഫോൺ അബദ്ധത്തിൽ കാണിക്കവഞ്ചിയിൽ വീഴുകയായിരുന്നു. ഫോൺ തിരിച്ചെടുക്കാൻ യുവാവ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും തിരികെ ലഭിച്ചില്ല. ഇതോടെ ദിനേശ് ക്ഷേത്രം അധികൃതരെ സമീപിച്ചു. ക്ഷേത്രത്തിലെ ആചാരപ്രകാരം, രണ്ട് മാസത്തിൽ ഒരിക്കൽ മാത്രമേ കാണിക്കവഞ്ചി തുറക്കുകയുള്ളൂ എന്ന് പറഞ്ഞ് ഇയാളെ അധികൃതർ അന്ന് തിരിച്ചയച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച കാണിക്കവഞ്ചി തുറന്നപ്പോൾ, ഫോൺ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ ദിനേശ് ക്ഷേത്രത്തിലെത്തി. എന്നാൽ കാണിക്കവഞ്ചിയിലിട്ടതെല്ലാം ദൈവത്തിൻ്റേതാണെന്നും, ഫോൺ തിരികെ നൽകാനാകില്ലെന്നുമായിരുന്നു അധികൃതരുടെ വാദം. അത്യാവശ്യമെങ്കിൽ ദിനേശിന് ഐഫോണിലെ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാമെന്നും സിം കാര്‍ഡ് ഊരിയെടുക്കാമെന്നും അധികൃതർ പറഞ്ഞു.
ഫോൺ തിരികെ ലഭിക്കില്ലെന്ന് മനസിലായതോടെ, ദിനേശ് വിഷയവുമായി തമിഴ്‌നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർ ബാബുവിൻ്റെ അടുത്തെത്തി. മന്ത്രിയുടെ മറുപടിയും മറിച്ചായിരുന്നില്ല. അബദ്ധത്തിലാണെങ്കിൽ പോലും, കാണിക്കവഞ്ചിയിൽ നിക്ഷേപിക്കുന്നതെന്തും, അത് ദൈവത്തിൻ്റെ അക്കൗണ്ടിലേക്ക് പോകുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ക്ഷേത്രങ്ങളിലെ ആചാരങ്ങളും പാരമ്പര്യവും അനുസരിച്ച്, നേർച്ചപ്പെട്ടിയിൽ സമർപ്പിക്കുന്ന ഏതൊരു വസ്തുവും ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് സ്വന്തമാണ്. ഭക്തർക്ക് വഴിപാടുകൾ തിരികെ നൽകാൻ ഭരണസംവിധാനത്തിലെ ചട്ടങ്ങൾ അനുവദിക്കുന്നില്ല. ഭക്തർക്ക് നഷ്ടപരിഹാരം നൽകാൻ എന്തെങ്കിലും സാധ്യതയുണ്ടോയെന്ന് അധികൃതരുമായി ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
തമിഴ്‌നാട്ടിൽ ആദ്യമായല്ല ഇത്തരമൊരു സംഭവം നടക്കുന്നത്. ആലപ്പുഴയിൽ നിന്നുള്ള ഒരു ഭക്തയ്ക്ക്, പഴനിയിലെ ശ്രീ ദണ്ഡയുതപാണി സ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ അബദ്ധത്തിൽ തൻ്റെ സ്വർണമാല നഷ്ടപ്പെട്ടിരുന്നു. വഴിപാട് നടത്താനായി കഴുത്തിലെ തുളസിമാല അഴിച്ചപ്പോഴാണ് സ്വർണമാല കാണിക്കവഞ്ചിയിൽ വീണത്. മാല തിരികെ നൽകിയില്ലെങ്കിലും, ക്ഷേത്രം ഭരണസമിതി ചെയർമാൻ സ്വന്തം പണമുപയോഗിച്ച് യുവതിക്ക് പുതിയൊരു മാല നൽകുകയും ചെയ്തു.
സംസ്ഥാനത്തെ പ്രത്യേകനിയമമാണ് ഇതിന് കാരണം. 1975 ലെ ഇൻസ്റ്റാളേഷൻ, സേഫ്ഗാർഡിംഗ്, അക്കൗണ്ടിംഗ് ഓഫ് ഹുണ്ടിയൽ റൂൾസ് അനുസരിച്ച്, കാണിക്കവഞ്ചിയിൽ സമർപ്പിക്കുന്നതെല്ലാം ദൈവത്തിനുള്ളതാണ്. അവ യാതൊരു കാരണവശാലും ഉടമയ്ക്ക് തിരികെ നൽകാനാവില്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.