NEWSROOM

വിദ്യാർഥികളുടെ ഭാവി മെച്ചപ്പെടുത്തണം; റിപ്പോർട്ട് കാർഡിൽ മാറ്റങ്ങളുമായി എൻസിഇആ‍ർടി

ഹോളിസ്റ്റിക് പ്രോഗ്രസീവ് കാർഡ് എന്ന പേരിലാകും പുതിയ സംവിധാനം അറിയപ്പെടുന്നത്. എൻസിഇആ‍ർടിക്ക് കീഴിലുള്ള പരഖ് ആണ് പുതിയ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡുകൾ തയ്യാറാക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാർഥികളുടെ റിപ്പോർട്ട് കാർഡിൽ മാറ്റങ്ങൾ വരുത്തി എൻസിഇആ‍ർടി. പ്രവേശന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ മുതൽ ടൈം മാനേജ്‌മെൻ്റ്, പണത്തിൻ്റെ മൂല്യം മനസ്സിലാക്കൽ തുടങ്ങി വിദ്യാർഥികളുടെ ഭാവി തയ്യാറെടുപ്പുകൾക്കും പ്രാധാന്യം നൽകുന്നതാണ് പുതിയ റിപ്പോർട്ട്. ഹോളിസ്റ്റിക് പ്രോഗ്രസീവ് കാർഡ് എന്ന പേരിലാകും പുതിയ സംവിധാനം അറിയപ്പെടുന്നത്. എൻസിഇആ‍ർടിക്ക് കീഴിലുള്ള പരഖ് ആണ് പുതിയ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡുകൾ തയ്യാറാക്കുന്നത്.

നിലവിൽ 2024-25 അക്കാദമിക് സെഷനിൽ പുതിയ റിപ്പോർട്ട് കാർഡ് ഉപയോഗിക്കില്ല. അധ്യാപകർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ഇത് നടപ്പിലാക്കുന്നതിനെക്കുറിച്ച് പരിശീലനം നൽകിയ ശേഷമാകും പുതിയ രീതി അവലംബിക്കുക എന്നും എൻസിഇആർടി വൃത്തങ്ങൾ അറിയിച്ചു. എഴുത്തു പരീക്ഷയ്ക്കും മാർക്കിനുമപ്പുറം വിദ്യാർഥികളുടെ പ്രായോഗിക അറിവും ക്രിയാത്മക ചിന്തയും വളർത്തുക എന്നതാണ് ഇതിൻറെ ലക്ഷ്യമെന്നും എൻസിഇആർടി അറിയിച്ചു. ഇതോടെ ഇന്‍റേണൽ മാർക്കിന് പകരം വിദ്യാർഥികളുടെ ഒരു വർഷത്തെ അക്കാദമിക പ്രകടനമാണ് വിലയിരുത്തുക.

അതേസമയം ഹോളിസ്റ്റിക് പ്രോഗ്രസീവ് കാർഡ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണോ എന്നത് സംസ്ഥാനങ്ങളുടെ തീരുമാനം ആണ്. എന്നാൽ ജമ്മു-കശ്മീർ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന, ഹിമാചൽ പ്രദേശ് തുടങ്ങിയ ആറ് സംസ്ഥാനങ്ങളിൽ ഇക്കൊല്ലം എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് പ്രോഗ്രസ് കാർഡ് നടപ്പിലാക്കുന്നുണ്ട്.

SCROLL FOR NEXT