ലൈംഗിക പീഡന പരാതിയിൽ തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ഇടവേള ബാബു നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജൂനിയർ ആർട്ടിസ്റ്റിന്‍റെ പരാതിയിലായിരുന്നു ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തത്.
പീഡന കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച കോടതി കേസിന്‍റെ തുടർ നടപടിക്രമങ്ങൾ തല്‍ക്കാലികമായി സ്റ്റേ ചെയ്തിട്ടുണ്ട്. സിനിമയിലെ അവസരത്തിനും, എഎംഎംഎയിലെ അംഗത്വത്തിനും 'അഡ്ജസ്റ്റ്' ചെയ്യണമെന്ന് ആവശ്യപ്പെട്ടു എന്നായിരുന്നു നടനെതിരായ പരാതി. ഇതിനു തയ്യാറാകാത്തതിനാല്‍ സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതായെന്നും നടി ആരോപിച്ചിരുന്നു. അമ്മയിലെ അംഗത്വത്തിന് രണ്ട് ലക്ഷം രൂപ ഫീസ് നൽകണമെന്ന് ഇടവേള ബാബു പറഞ്ഞതായും പരാതിയിലുണ്ട്.
Also Read: മലയാള സിനിമയെ മാറ്റത്തിലേക്ക് നയിക്കുന്ന WCC
ഓഗസ്റ്റ് 28നായിരുന്നു ഇടവേള ബാബുവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്‌ത്രീത്വത്തെ അപമാനിക്കൽ, പീഡനം എന്നിവയാണ് ചുമത്തിയിരിക്കുന്ന വകുപ്പുകൾ. സംവിധായകൻ ഹരികുമാർ, നടൻ സുധീഷ് തുടങ്ങിയവർക്കെതിരെയും പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു.