NEWSROOM

ഇന്ന് ഡോക്ടേഴ്സ് ദിനം; അറിയാം ആദരിക്കാം നമുക്ക് കാവലാൾ ആകുന്നവരെ

ബിദാൻ ചന്ദ്ര റോയ് എന്ന ബി.സി റോയിയോടുള്ള ബഹുമാനാർത്ഥമാണ് ജൂലൈ ഒന്നിന് ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

നമ്മുടെ ജീവിതത്തിലെ അഭിവാജ്യ ഘടകം തന്നെയാണ് ഈ ഡോക്ടർമാർ, അല്ലെ? എന്തിന് ഒരു ചെറിയ തലവേദന വന്നാൽ പോലും നമ്മൾ ആശുപത്രികളിലേക്ക് പായും. ശരിക്കും ഇവരൊന്നും ഇല്ലായിരുന്നെങ്കിലോ? എത്ര എത്ര പേരുടെ ജീവനും ജീവിതവുമാണ് ഇവർ സംരക്ഷിക്കുന്നത്. അവരെ ആഘോഷിക്കാൻ ഉള്ള ദിവസമാണ് ഇന്ന്, ജൂലൈ ഒന്ന് .

ബിദാൻ ചന്ദ്ര റോയ് എന്ന ബി.സി റോയിയോടുള്ള ബഹുമാനാർത്ഥമാണ് ജൂലൈ ഒന്നിന് ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്. 1991 മുതലാണ് ഡോക്ടേഴ്സ് ദിനം ആചരിക്കാൻ തുടങ്ങിയത്. ബി.സി റോയ് ഡോക്ടർ മാത്രമല്ല മുഖ്യമന്ത്രി പദവിയും അലങ്കരിച്ചിട്ടുണ്ട്. 1948-62 കാലത്താണ് മുഖ്യമന്ത്രി പദവി വഹിച്ചത്. കൂടാതെ ക്വിറ്റ് ഇന്ത്യ സമര കാലത്ത് മഹാത്മാ ഗാന്ധിയെ പരിചരിച്ചതും ബി.സി റോയിയായിരുന്നു. കൊല്‍ക്കത്ത സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

ഇന്ത്യൻ മെഡിക്കൽ രംഗത്തിന് വലിയ സംഭാവനകൾ ഇദ്ദേഹം നൽകിയിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത്, സാംക്രമിക രോഗ ആശുപത്രി, കൊൽക്കത്തയിലെ ആദ്യത്തെ ബിരുദാനന്തര മെഡിക്കൽ കോളേജ് എന്നിവ സ്ഥാപിക്കുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു. 1925-ൽ രാഷ്ട്രീയത്തിൽ വന്നപ്പോഴും തൻ്റെ വൈദ്യസേവനം മുടങ്ങാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. തൻ്റെ വൈദ്യശാസ്ത്ര അറിവ് കൊണ്ട് പാവപ്പെട്ടവരെ സേവിക്കാൻ അദ്ദേഹം ദിവസവും ഒരു മണിക്കൂർ നീക്കിവെച്ചു. കൂടാതെ ക്വിറ്റ് ഇന്ത്യ സമര കാലത്ത് മഹാത്മാ ഗാന്ധിയെ പരിചരിച്ചതും ബി.സി റോയിയായിരുന്നു. കൊല്‍ക്കത്ത സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ബി.സി റോയി ജനിച്ചത് 1882 ജൂലൈ 1നും മരണം 1962 ജൂലൈ 1നുമായിരുന്നു.

സ്വന്തം അമ്മയെയും അച്ഛനെയും വേണ്ടപ്പെട്ടവരെയും എല്ലാം അസുഖം വരുമ്പോൾ കൊണ്ടുപോകുന്നത് ഡോക്ടർമാരുടെ അടുത്തേക്കാണ്. എന്നിട്ടും ഇക്കഴിഞ്ഞ വർഷങ്ങളിൽ ഡോക്ടർമാർക്ക് നേരെ നടക്കുന്ന പരാക്രമങ്ങൾ ഒക്കെ നമ്മൾ ഏവരും കാണുന്നതാണ്. അവരെ ദൈവമായി കണ്ടില്ലെങ്കിലും മനുഷ്യരായെങ്കിലും കാണാൻ നാമേവരും ശ്രമിക്കണം.

“സുഖപ്പെടുത്തുന്ന കൈകൾ, കരുതുന്ന ഹൃദയങ്ങൾ'' ഇതാണ് ഈ വർഷത്തെ ഡോക്ടേഴ്സ് ദിനത്തിലെ തീം. ആദരിക്കാം, ആഘോഷിക്കാം നമുക്ക് കാവലാളാകുന്ന ഡോക്ടർമാരെ.

SCROLL FOR NEXT