NEWSROOM

'പൗരാവകാശങ്ങൾ നിഷേധിക്കപ്പെട്ട ലോകമെങ്ങുമുള്ള മനുഷ്യർക്ക് ഐക്യദാർഢ്യം'; ഇന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം

"Our rights, our future, right now" എന്നതാണ് ഈ വർഷത്തെ മനുഷ്യാവകാശ ദിനത്തിന്റെ തീം

Author : ലിൻ്റു ഗീത

ഓരോ വ്യക്തിക്കും അവരുടെ ലിംഗഭേദമോ, ദേശീയതയോ, വംശമോ, മതമോ പരിഗണിക്കാതെ മാനിക്കപ്പെടേണ്ട അനിഷേധ്യമായ മനുഷ്യാവകാശങ്ങളുണ്ട്. ഇങ്ങനെ മനുഷ്യന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നുവെന്ന് ഉറപ്പ് വരുത്തുവാൻ വേണ്ടിയാണ് ഐക്യരാഷ്ട്ര സംഘടന എല്ലാ വർഷവും ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്. യുദ്ധം, പ്രകൃതി ദുരന്തങ്ങൾ, പകർച്ചവ്യാധികൾ എന്നിവയാൽ ലോകത്താകമാനമുള്ള മനുഷ്യർ ദുരിതമനുഭവിക്കുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ മനുഷ്യാവകാശ ദിനം. യുദ്ധവും മനുഷ്യാവകാശ ലംഘനങ്ങളും നിരന്തരമായി നടന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മനുഷ്യാവകാശ ദിനത്തിന്റെ പ്രാധാന്യവും ഒന്നുകൂടി വർധിക്കുകയാണ്.

ഗാസയിലും, യുക്രെയ്നിലും യുദ്ധം അനിശ്ചിതമായി തുടരുമ്പോൾ, ആഭ്യന്തര കലാപത്തിൽ ആഫ്രിക്കയുടെ ഉറക്കം കെടുമ്പോൾ, സാമ്പത്തികമായി ശ്രീലങ്ക ബുദ്ധിമുട്ടുമ്പോൾ, കലാപാഗ്‌നിയിൽ മണിപ്പൂരും, സംഭലും എരിയുമ്പോഴെല്ലാം ഇല്ലാതാവുന്നത് സമാധാനത്തോടെയും അന്തസോടെയും ജീവിക്കാനുള്ള മനുഷ്യന്റെ അവകാശമാണ്. "Our rights, our future, right now" എന്നതാണ് ഈ വർഷത്തെ മനുഷ്യാവകാശ ദിനത്തിന്റെ തീം.

ചരിത്രം

എല്ലാ വർഷവും ഡിസംബർ 10 നാണ് മനുഷ്യാവകാശദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ച സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തെ മാനിക്കുന്നതിനായാണ് ഈ ദിനം. 1950 ഡിസംബർ നാലിന് എല്ലാ അംഗരാജ്യങ്ങളെയും മനുഷ്യാവകാശരംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളെയും വിളിച്ചുചേർത്ത് ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ ദിനം ആചരിക്കാൻ തീരുമാനിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലത്തുണ്ടായ ക്രൂരതകൾ ഇനി ഒരിക്കലും ആവർത്തിക്കാതിരിക്കുക എന്നതായിരുന്നു ഇത്തരമൊരു പ്രഖ്യാപനത്തിലേക്ക് നയിച്ച പ്രധാന കാരണം. ഓരോ വ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തിൽ ജീവിക്കാനുള്ള അവകാശമാണ് മനുഷ്യാവകാശം.

പ്രാധാന്യം

ജനങ്ങളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മനുഷ്യാവകാശ ദിനം ആചരിക്കുന്നത്. ജീവിക്കാനുള്ള അവകാശം, തുല്യ പരിഗണനയ്ക്കുള്ള അവകാശം, സ്വകാര്യതയ്ക്കുള്ള അവകാശം, അഭയം നൽകാനുള്ള അവകാശം, വിവാഹം കഴിക്കാൻ ഉള്ള അവകാശം, ചിന്തിക്കാനും അഭിപ്രായത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, ജോലി ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, സാമൂഹ്യ സേവനങ്ങൾക്കുള്ള അവകാശം, മതവിശ്വാസത്തിനുള്ള അവകാശം, എന്നിവയെല്ലാം അന്താരാഷ്ട്ര തലത്തിൽ തന്നെ മനുഷ്യാവകാശങ്ങളായി പരിഗണിക്കപ്പെട്ടിരിക്കുന്നു.

ഇന്ത്യയിൽ

1993 സെപ്റ്റംബർ 28 നാണ് നമ്മുടെ രാജ്യത്ത് മനുഷ്യാവകാശ നിയമം നിലവിൽ വന്നത്. തുടർന്ന് ഇതേ വർഷം ഒക്ടോബർ 12ന് സർക്കാർ ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിക്കുകയും ചെയ്തു. വ്യക്തിയുടെ ജീവൻ, സ്വാതന്ത്ര്യം, സമത്വം, അന്തസ്സ് ഇവയെ ബാധിക്കുന്നതെല്ലാം മനുഷ്യാവകാശത്തിന്റെ പരിധിയിൽവരും. ലഭിക്കേണ്ട ഏത് അവകാശവും ലഭിക്കാതെവരുമ്പോൾ മനുഷ്യാവകാശ കമ്മിഷന്റെ സഹായം തേടാം. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക മേഖലകളിലും മനുഷ്യാവകാശ കമ്മീഷൻ പ്രവർത്തിക്കുന്നു. വിവേചനം, അസമത്വം, തൊഴിൽചൂഷണം, അഴിമതി, അക്രമം, ക്രൂരത, തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ കമ്മീഷന് പരാതി നൽകാം. കൂടുതൽ ആളുകളെ മനുഷ്യാവകാശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുകയും മനുഷ്യാവകാശങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മനുഷ്യാവകാശ കമ്മീഷന്റെ പ്രവർത്തനം.

മാനുഷിക അന്തസ്സ്, സമാധാനം, നീതി, നിഷ്പക്ഷത, പരസ്പര ബഹുമാനം എന്നിവയാണ് മനുഷ്യാവകാശങ്ങളുടെ അടിസ്ഥാന മാനദണ്ഡങ്ങൾ. പൗരസ്വാതന്ത്ര്യവും, മറ്റു അവകാശങ്ങളും എല്ലാവരുടെയും അടിസ്ഥാനപരമായ ആവശ്യങ്ങൾ ആണെങ്കിലും ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ജീവിക്കാനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള അവകാശമാണ്. എല്ലാ മനുഷ്യരുടെ അവകാശങ്ങളെയും ആത്മാഭിമാനത്തെയും യാതൊരു വിവേചനവും കൂടാതെ ബഹുമാനിക്കാനും, മറ്റുള്ളവരുടെ മനുഷ്യാവകാശത്തെ പ്രവർത്തികൊണ്ടോ വാക്കുകൊണ്ടോ ചിന്തയിലൂടെയോ ഹനിക്കില്ലെന്നും ഈ ദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം... പൗരാവകാശങ്ങൾ നിഷേധിക്കപ്പെട്ട ലോകമെങ്ങുമുള്ള മനുഷ്യരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാം...

SCROLL FOR NEXT