കലാലയ രാഷ്ട്രീയത്തെ പിടിച്ചുലച്ച അഭിമന്യു കൊലപാതകത്തിന് ഇന്ന് ആറാണ്ട്. കോളേജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് അഭിമന്യു ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ കത്തിക്കിരയാകുന്നത്. അഭിമന്യു ഓർമയായി ആറ് വർഷങ്ങൾക്കിപ്പുറവും പ്രതികൾ സ്വതന്ത്രരായി തന്നെ തുടരുകയാണ്.
2018 ജൂലൈ 2 ന് പുതിയ അധ്യയന വർഷത്തിൽ, നവാഗതരെ വരവേൽക്കാൻ കോളേജ് മതിലുകളിൽ പോസ്റ്റർ പതിക്കുകയായിരുന്നു അഭിമന്യു. ഇതിനിടെ ക്യാമ്പസിനു പുറത്തു നിന്നുള്ള ഒരു സംഘം അഭിമന്യുവിനെ കുത്തിവീഴ്ത്തുകയായിരുന്നു. കൂടെയുണ്ടായിരുന്നു അർജുനും വിനീതിനും പരിക്കേറ്റെങ്കിലും തലനാരിഴയ്ക്ക് രക്ഷപെട്ടു. വട്ടവടയിലെ നിർധന കുടുംബാംഗമായ അഭിമന്യു, കൊല്ലപ്പെട്ട ദിവസം രാത്രിയായിരുന്നു ചരക്ക് ലോറിയിൽ കയറി കൊച്ചിയിലെത്തിയത്. എന്നാൽ മഹാരാജാസിൻ്റെ പടവുകളിലേക്ക് പ്രതീക്ഷകളോടെയെത്തിയ അവൻ്റെ ചേതനയറ്റ ശരീരമാണ് തിരികെ വട്ടവടയിലെത്തിയത്. 'നാൻ പെറ്റ മകനെ' എന്ന് നിലവിളിച്ചു കൊണ്ടുള്ള അഭിമന്യൂവിൻ്റെ അമ്മയുടെ അന്നത്തെ കരച്ചിൽ കേരളസമൂഹത്തിൻ്റെ തീരാവേദനയായി ഇന്നും അവശേഷിക്കുന്നു.
അഭിമന്യു ഓർമ്മയായി ആറു വർഷം പിന്നിടുമ്പോഴും പ്രതികൾ ഇപ്പോഴും സ്വതന്ത്രരാണ്. 2019ൽ വിചാരണ ആരംഭിച്ചെങ്കിലും നിലവിൽ കേസിലെ മുഴുവൻ പ്രതികളും ജാമ്യത്തിലാണ്. ഇതിനിടയിൽ കേസന്വേഷണത്തിൻ്റെ കാര്യക്ഷമതയെപ്പറ്റി പലപ്പോഴും വിമർശനങ്ങൾ ഉയർന്നു വന്നു. പ്രോസിക്യൂഷൻ ഹാജരാക്കിയ കുറ്റപത്രം, പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ്, മുറിവ് സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടെ 11 രേഖകൾ കോടതിയിൽ നിന്നും കാണാതായതും ചർച്ചയായിരുന്നു. എല്ലാ വർഷവും ജൂലൈ 2 നു അഭിമന്യുവിൻ്റെ ഓർമ പുതുക്കാൻ വിദ്യാർഥികൾ ഒത്തുചേരാറുണ്ട്. അന്ന് അഭിമന്യു അവസാനമായി എഴുതിയ വർഗ്ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം മഹാരാജാസിൻ്റെ ചുവരുകളിൽ സഹപാഠികൾ ഒന്നുകൂടി അടയാളപ്പെടുത്തും.