NEWSROOM

ഭൂമിയുടെ സംരക്ഷണ കവചം; ഇന്ന് ലോക ഓസോണ്‍ ദിനം

ഓസോണ്‍ പാളികളെ ദുര്‍ബലമാക്കുന്ന വാതകങ്ങളെ തിരിച്ചറിയാനും അവയെ തടയാനും സെപ്റ്റംബര്‍ 16 ഒസോൺ ദിനമായി നാം ആചരിക്കുന്നു

Author : ന്യൂസ് ഡെസ്ക്

ഭൂമിയുടെ അതിജീവനത്തില്‍ ഓസോണ്‍ പാളി ഒരു അവിഭാജ്യ ഘടകമാണ്. ഹാനികരമായ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് ഭൂമിയെ പൊതിഞ്ഞ് സംരക്ഷിക്കുകയാണ് ഓസോണ്‍ എന്ന ഈ രക്ഷാകവചം. നമ്മുടെ ഭൂമിയെ കാക്കുന്ന ഈ ഓസോണ്‍ ഇന്ന് നേരിടുന്നത് സമാനതകളില്ലാത്ത ഭീഷണിയാണ്. ഈ പാളികളെ ദുര്‍ബലമാക്കുന്ന വാതകങ്ങളെ തിരിച്ചറിയാനും അവയെ തടയാനും സെപ്റ്റംബര്‍ 16 ഒസോൺ ദിനമായി നാം ആചരിക്കുന്നു.

കൂടാതെ, ഓസോണ്‍ പാളിയുടെ പ്രാധാന്യം വരും തലമുറയെ പഠിപ്പിക്കണമെന്ന ഉദ്ദേശവും ഇന്നത്തെ ദിനത്തിനുണ്ട്. ഏത് വിധേനയും ഓസോണ്‍ പാളിയെ സംരക്ഷിക്കുമെന്ന് ഒരിക്കല്‍ക്കൂടി ലോകം പ്രതിജ്ഞ എടുക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.

എന്താണീ ഓസോണ്‍ ?

ഭൂമിയില്‍ നിന്ന് 20 മുതല്‍ 35 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള വാതക പാളിയാണ് ഓസോൺ. മൂന്ന് ഓക്‌സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്നാണ് ഓസോണ്‍ തന്മാത്ര (O3) ഉണ്ടാകുന്നത്. അന്തരീക്ഷത്തിന്റെ താഴ്ന്ന നിലയിലുള്ള ഓസോണ്‍, ജന്തുക്കളിലെ ശ്വസനവ്യവസ്ഥയ്ക്ക് ഹാനികരമായ വാതകമാണ്.

സൂര്യനില്‍ നിന്ന് ജീവികള്‍ക്ക് നാശമുണ്ടാക്കിയേക്കാവുന്ന ധാരാളം രശ്മികള്‍ പുറപ്പെടുന്നുണ്ട്. ഏറ്റവും പ്രധാനം അള്‍ട്രാവയലറ്റ് കിരണങ്ങളാണ്. ഈ രശ്മികള്‍ പൂര്‍ണതോതില്‍ ഭൂമിയിലെത്തിയാല്‍ ജീവികളില്‍ മാരകരോഗങ്ങള്‍ക്കു കാരണമാകും. ഈ അപകടകാരികളായ രശ്മികളെ ഭൂമിയില്‍ പതിക്കാതെ വളരെ ഉയരത്തില്‍ വെച്ചു തന്നെ തടയുകയാണ് ഓസോണ്‍ പാളിയുടെ ദൗത്യം.

സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ഭാഗത്തായാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% ഈ ഭാഗത്താണ് കാണപ്പെടുന്നത്. ഇതിന്റെ കനവും സ്ഥാനവും ഒരോ മേഖലയിലും വ്യത്യസ്തമാകാം.

മോണ്‍ട്രിയല്‍ ഉടമ്പടിയും ഓസോണ്‍ ദിനവും

ഓസോണ്‍ ശോഷണം ബോധ്യപ്പെടുകയും അതിന്റെ അപകടം തിരിച്ചറിയുകയും ചെയ്തതോടെ 1987 സെപ്റ്റംബര്‍ 16ന് കാനഡയിലെ മോണ്‍ട്രിയലില്‍ വെച്ച് 24 ലോകരാഷ്ട്രങ്ങുടെ പ്രതിനിധികള്‍ ചേര്‍ന്ന് ഒരു ഉടമ്പടിയില്‍ ഒപ്പുവെച്ചു. മോണ്‍ട്രിയല്‍ ഉടമ്പടിയെന്ന് അറിയപ്പെട്ടിരുന്ന ഈ ഉടമ്പടി ഓസോണ്‍ പാളിക്ക് ദോഷംചെയ്യുന്ന രാസവസ്തുക്കളുടെ ഉത്പാദനം പടിപടിയായി കുറച്ചുകൊണ്ട് വരുന്നതിനാണ് ലക്ഷ്യമിട്ടത്. ഇതിന്റെ ഓര്‍മയ്ക്കാണ് സെപ്റ്റംബര്‍ 16 ഓസോണ്‍ ദിനാചരണത്തിനായി തെരഞ്ഞെടുത്തത്.

1988ല്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി യോഗത്തിലാണ് ഓസോണ്‍ പാളി സംരക്ഷണദിനമായി സെപ്റ്റംബർ 16ന് പ്രഖ്യാപിച്ചത്. ഉടമ്പടി 1987ല്‍ നിലവില്‍ വന്നെങ്കിലും 1994ല്‍ ഐക്യരാഷ്ട്ര സഭയുടെ അംഗീകാരത്തിന് ശേഷമാണ് ലോകവ്യാപകമായി ഓസോണ്‍ ദിനം ആചരിച്ച് വരാൻ തുടങ്ങിയത്. ഓസോണ്‍ പാളിയില്‍ സുഷിരങ്ങള്‍ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ നിര്‍മാണവും ഉപയോഗവും കുറയ്ക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.

ഓസോണിന്റെ ചരിത്രം

1913ൽ ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞന്മാരായ ചാള്‍സ് ഫാബ്രി, ഹെന്റി ബിഷണ്‍ എന്നിവരാണ് ഇതിന്റെ സാന്നിധ്യം കണ്ടുപിടിച്ചത്. ബ്രിട്ടീഷുകാരനായ ജിഎംബി ഡൊബ്‌സണ്‍ ഇതിന്റെ ഘടനയെയും ഗുണങ്ങളെയും പറ്റി മനസിലാക്കി. അദ്ദേഹം സ്‌പെക്ട്രോഫോമീറ്റര്‍ വികസിപ്പിച്ചെടുത്തു. ഇതുപയോഗിച്ച് സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോണിനെ അളക്കുവാന്‍ സാധിക്കും.

1928നും 1958നും ഇടയില്‍ അദ്ദേഹം ലോകവ്യാപകമായി ഓസോണ്‍ നിരീക്ഷണ കേന്ദ്രങ്ങളുടെ ശൃംഖല സ്ഥാപിക്കുകയുണ്ടായി. അത് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സ്മരണാര്‍ഥം തലയ്ക്ക് മീതെയുള്ള അന്തരീക്ഷത്തിലെ ഓസോണിന്റെ ആകെ അളവിനെ ഡോബ്‌സണ്‍ യൂണിറ്റ് എന്നു വിളിക്കുന്നു.

SCROLL FOR NEXT