സോഷ്യൽ മീഡിയ ഇല്ലാതിരുന്ന കാലത്ത് പ്രിയപ്പെട്ടവരുടെ എഴുത്തുകള്‍ക്കായി പോസ്റ്റുമാന്‍റെ വരവും കാത്തിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. മണികെട്ടിയ വടിയും കത്തുകൾ നിറച്ച തുകൽ സഞ്ചിയുമായി അഞ്ചൽകാരൻ എത്തുമ്പോൾ മണികിലുക്കം കേട്ട് ആളുകൾ വഴിമാറിക്കൊടുക്കും. ഇന്ന് കത്തുകള്‍ മൊബൈല്‍ ഫോണുകള്‍ക്ക് വഴിമാറിയെങ്കിലും ആ തപാല്‍ക്കാലം പലർക്കും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മകളാണ്.
ചിരിക്കുന്ന മുഖവും, തോളിൽ തപാൽ ഉരുപ്പടികൾ നിറച്ച ഒരു ചുവന്ന ബാഗുമായി കിഴക്കും മുറിയുടെ സ്വന്തം പോസ്റ്റുമാനാണ് സാമിക്കുട്ടി ചേട്ടൻ. സദാ സേവന സന്നദ്ധനായി നടക്കുന്ന സാമിക്കുട്ടി ചേട്ടൻ ദിവസവും 200 മുതൽ 250 വരെ വിലാസങ്ങളിലേക്കാണ് കത്തുകളുമായി നടന്നെത്താറുള്ളത്. കത്തായാലും, മണി ഓർഡറായാലും അതാത് ദിവസം തന്നെ വീട്ടുപടിക്കൽ എത്തിച്ച് കൊടുക്കും. ജോലി തുടങ്ങി 34 വർഷങ്ങൾ പിന്നിടുമ്പോഴും അതിനൊരു മാറ്റവും സാമിക്കുട്ടി വരുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ തപാൽ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും, നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ് ഈ മനുഷ്യൻ.