ശ്രീനാരായണ ഗുരുവിൻറെ 97-ാം സമാധി ദിനമാണ് ഇന്ന്. മാനവികതയുടെ ഉദാത്തമായ മാതൃക മലയാളികളെ പഠിപ്പിച്ച ഗുരുവാണ് ഈ നൂറ്റാണ്ടിലും കേരളത്തിൻറെ വഴികാട്ടി. മലയാളക്കരയ്ക്ക് പുതുയുഗ പിറവിയുടെ ഉത്ഭവം ശ്രീ നാരായണ ഗുരുവിൽ നിന്നാണ്. പരമാർത്ഥത്തിൽ പരനും ഞാനും ഭവാനുമൊന്നല്ലീ!. തത്ത്വമസിക്ക് ഗുരു നൽകിയ നിർവചനം അങ്ങനെ തെളിമലയാളത്തിൽ നിറഞ്ഞു നിന്നു.
മനുഷ്യരെ മതം, ജാതി, വർണ്ണം എന്നിവയുടെ പേരിൽ അകറ്റി നിർത്തിയിരുന്ന കാലത്തു നവോത്ഥാനത്തിൻ്റെ സന്ദേശവുമായി നാടു നിറഞ്ഞ പച്ച മനുഷ്യൻ. തിരുവനന്തപുരം ജില്ലയിൽ ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ കൊച്ചുവിളയിൽ മാടൻ്റെയും കുട്ടിയമ്മയുടെയും മകൻ നാണു ആദ്യം നാണുവാശാനായി, പിന്നെ നാരായണ ഗുരുവും.
താഴ്ന്ന ജാതിക്കാർ എന്നു വിളിച്ചിരുന്നവർക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത്, 1888 ലെ ശിവരാത്രി നാളിൽ അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തി ചരിത്രം തിരുത്തിക്കുറിച്ചു. സവർണ മേധാവിത്വത്തിനോടുള്ള വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവ പ്രതിഷ്ഠയും കളവങ്കോടം ക്ഷേത്രത്തിലെ കണ്ണാടി പ്രതിഷ്ഠയും ശാരദാ പ്രതിഷ്ഠയും, 1903 ൽ ശ്രീനാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിക്കപ്പെട്ടു. കേരളം മാറി ചിന്തിച്ചു തുടങ്ങിയത് അങ്ങനെയാണ്. വിദ്യകൊണ്ട് പ്രബുദ്ധ കേരളം പിറന്നതും അങ്ങനെയാണ്.