NEWSROOM

ലിയോ പതിനാലാമൻ്റെ സ്ഥാനാരോഹണം ഇന്ന്; ചടങ്ങിന് സാക്ഷിയാകാൻ ലോകനേതാക്കൾ വത്തിക്കാനിൽ

കത്തോലിക്ക സഭയുടെ 267-ാമത് മാർപാപ്പയായാണ് ലിയോ പതിനാലാമൻ ചുമതലയേൽക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കത്തോലിക്ക സഭയുടെ 267മത് മാർപാപ്പയായി ലിയോ പതിനാലാമൻ ഔദ്യോഗികമായി ചുമതലയേൽക്കും. ഇന്ത്യൻ സമയം ഉച്ചക്ക് 1.30ന് ചടങ്ങുകൾ ആരംഭിക്കും. പുതിയ മാർപാപ്പയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന കുർബാനക്കിടെ കർദിനാൾ സംഘത്തിന്റെ തലവൻ ജിയോവാനി ബാസ്റ്റിറ്റ റേ പുതിയ മാർപാപ്പയെ പാലിയവും, മുദ്ര മോതിരവും അണിയിക്കും. ലോക നേതാക്കൾ അടക്കം ലക്ഷകണക്കിന് വിശ്വാസികളാണ് വത്തിക്കാൻ ചത്വരത്തിൽ അണിനിരക്കുക.


സ്ഥാനാരോഹണ ചടങ്ങുകൾക്ക് മുൻപെ പുതിയ മാർപാപ്പ വിശ്വാസികൾക്കിടയിലേക്ക് ഇറങ്ങും. ഇന്ത്യൻ സമയം 12:50 ന് പ്രത്യേക വാഹനത്തിൽ എല്ലായിടവും എത്തും. തുടർന്ന് കത്തോലിക്ക സഭയിലെ ആദ്യ മാർപാപ്പയായ വിശുദ്ധ പത്രോസിന്റെ കബറിടത്തിലെത്തി പ്രാർത്ഥിക്കും. ഇതിനു ശേഷമാണ് സെൻ്റ് പീറ്റേഴ്സ് ലാറ്ററൻ ബസലിക്കയിൽ നിന്ന് പ്രദക്ഷിണമായി കർദ്ദിനാൾമാർക്കൊപ്പം ലിയോ പതിനാലാമൻ മാർപാപ്പ വത്തിക്കാൻ ചത്വരത്തിൽ എത്തിച്ചേരുക. തുടർന്ന് ലത്തീൻ ആരാധനാക്രമത്തിൽ കുർബാന ആരംഭിക്കും.


കുർബാനക്കിടെ മാർപാപ്പയുടെ സ്ഥാനാരോഹണത്തിന്റെ സവിശേഷ ചടങ്ങുകൾ നടക്കും. സഭയെ നയിക്കുന്ന ഇടയൻ എന്ന സൂചകമായി പാലിയം സ്വീകരിക്കലാണ് മുഖ്യചടങ്ങ്. കർദ്ദിനാൾ സംഘത്തിന്റെ ഡീൻ കർദ്ദിനാൾ ജിയോവാനി ബാസ്റ്റിറ്റ റേ, വൈസ് ഡീൻ കർദ്ദിനാൾ ലിയനാദ്രോ സാന്ദ്രി, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പി യാദ്രേ പരോളിൻ എന്നിവർകൊപ്പം വേദിയിലെത്തി മാർപാപ്പയെ പാലിയം അണിയിക്കും.


ലിയോ പതിനാലാമൻ ബനഡിക്റ്റ് 16 മൻ്റെ ശൈലിയാണ് സഭാ ഭരണത്തിൽ സ്വീകരിക്കുക എങ്കിൽ വീതി കൂടിയ പാലിയം അണിയും, ഫ്രാൻസീസ് മാർപാപ്പയുടെ ശൈലി എങ്കിൽ അദ്ദേഹം വീതി കുറഞ്ഞ പാലിയം തെരഞ്ഞെടുക്കും. തുടർന്ന് പാപ്പാ വാഴ്ച്ചയുടെ ഔദ്യോഗിക മുദ്രയായി വലിയമുക്കുവന്റെ മോതിരം അണിയും. ഇതോടെ പുതിയ പാപ്പ വാഴ്ച്ച കത്തോലിക്ക സഭയിൽ തുടങ്ങും.

തുടർന്ന് കുർബാന യുടെ തുടർഭാഗങ്ങൾക്ക് പോപ്പ് ലിയോ പതിനാലാമൻ നേതൃത്വം നൽകും. പുതിയ പോപ്പ് സ്വീകരിക്കുന്ന അംശവടി, കുരിശ് രൂപം എന്നിയെല്ലാം നൽകുന്ന സൂചനകളെ ചുറ്റിപറ്റിയാകും കത്തോലിക്ക വിശ്വാസികളുടെ ആദ്യ ചർച്ച. സ്ഥാനാരോണചടങ്ങിൽ വിവിധ രാജ്യങ്ങളുടെ തലവൻമാരടക്കം നിരവധി വിശ്വാസികൾ പങ്കെടുക്കും.

SCROLL FOR NEXT