പാരീസ് ഒളിംപിക്സിൽ ഇന്നത്തെ മത്സരങ്ങള്‍ ബാഡ്‌മിൻ്റൺ കോർട്ടിലാണ് ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതലാണ് മത്സരങ്ങള്‍ തുടങ്ങുക. രണ്ട് ഒളിംപിക് മെഡൽ നേടിയ പി.വി.സിന്ധു ആദ്യ മത്സരത്തിന് ഇന്നിറങ്ങും. മാലദ്വീപ് താരമാണ് സിന്ധുവിന് ആദ്യ മത്സരത്തിൽ എതിരാളി. പുരുഷന്മാരുടെ വ്യക്തിഗത മത്സരത്തിൽ മലയാളി താരം എച്ച്.എസ്.പ്രണോയ് ജർമ്മൻ താരത്തെ നേരിടും.
ഷൂട്ടിങ് റേഞ്ചിൽ ഇന്ത്യക്ക് പ്രതീക്ഷയുള്ള ദിനമാണ് ഇന്ന്. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മൂന്നാം സ്ഥാനത്തോടെ ഫൈനലിലെത്തിയ മനു ഭാക്കർ ഇന്ന് മെഡൽപോരാട്ടത്തിനിറങ്ങും. വനിതളുടെ 10 മീറ്റർ എയർ റൈഫിള്‍സ് യോഗ്യതാ റൌണ്ടിൽ എളവേനിൽ വാളറിവനും റമിത ജിൻഡാലും ഇറങ്ങും. 10 മീറ്റർ എയർ റൈഫിള്‍സ് പുരുഷ ക്വാളിഫയറിൽ അർജുൻ ബബുട്ടയ്ക്കും സന്ദീപ് സിംഗിനും മത്സരമുണ്ട്.
ടേബിൾ ടെന്നിസിൽ ഇതിഹാസതാരം ശരത് കമൽ സ്ലൊവേനിയൻ താരവുമായി ഏറ്റുമുട്ടും. മണിക ബത്രയ്ക്കും ശ്രീജ അകുലയ്ക്കും ഇന്ന് മത്സരമുണ്ട്. നീന്തലിൽ 200 മീറ്റർ ഫ്രീ സ്റ്റൈലിൽ ഇന്ത്യയുടെ പതിനാലുകാരി ധിനിധി ഇറങ്ങുന്നുണ്ട്. ദേശീയ ഗെയിംസില്‍ ഏഴു സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ നീന്തല്‍ താരമെന്ന റെക്കോഡിട്ടാണ് ധിനിധി പാരീസിലേക്കെത്തുന്നത്.
ബോക്സിംഗിൽ വനിതകളുടെ 50 കിലോ ഗ്രാം, റൗണ്ട് ഓഫ് 32 വിൽ നിഖാത് സറീൻ ജർമൻ താരത്തെ നേരിടും. മറ്റൊരു മെഡൽ പ്രതീക്ഷിക്കുന്ന മത്സരയിനമാണ് അമ്പെയ്‍ത്.. ഇന്ത്യൻ വനിതാ ടീമിന്റെ ക്വാർട്ടർ മത്സരം ഇന്നാണ് നടക്കുന്നത്.. ഇന്ന് തന്നെ വനിതാ ടീം ഇനത്തിലെ മെഡൽ പോരാട്ടങ്ങളും നടക്കും.