NEWSROOM

മിഷന്‍ ഇംപോസിബിള്‍ 8; ലോകം കാണും മുന്‍പ് ടോം ക്രൂസ് ചിത്രം ഇന്ത്യ കാണും

1996ലാണ് മിഷന്‍ ഇംപോസിബിളിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. പിന്നീട് ഏഴ് ഭാഗങ്ങളായി ചിത്രങ്ങള്‍ പുറത്തിറങ്ങി

Author : ന്യൂസ് ഡെസ്ക്


ഹോളിവുഡ് താരം ടോം ക്രൂസിന്റെ ഏറ്റവും പുതിയ ചിത്രം മിഷന്‍ ഇംപോസിബിള്‍ ദ ഫൈനല്‍ റെക്കനിംഗിന്റെ റിലീസുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ് പുറത്ത്. ആഗോള റിലീസിന്റെ ആറ് ദിവസം മുന്‍പ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുമെന്നാണ് നിര്‍മാതാക്കളായ പാരാമൗണ്ട് പിക്‌ചേഴ്‌സ് അറിയിച്ചിരിക്കുന്നത്. മെയ് 17നാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. മെയ് 23നാണ് ചിത്രം ആഗോള റിലീസായി തിയേറ്ററിലെത്തുന്നത്.

'മിഷന്‍ ഇംപോസിബിള്‍-ദ ഫൈനല്‍ റെക്കനിംഗ് ഇന്ത്യയില്‍ നേരത്തെ റിലീസ് ചെയ്യും. പുതിയ റിലീസ് തീയതി മെയ് 17', എന്നാണ് പാരാമൗണ്ട് പിക്‌ചേഴ്‌സ് ഇന്ത്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ക്രിസ്റ്റഫര്‍ മക്വയര്‍ ആണ് മിഷന്‍ ഇംപോസിബിള്‍ ദ ഫൈനല്‍ റെക്കനിംഗിന്റെ സംവിധായകന്‍. ക്രിസ്റ്റഫര്‍ മക്വയറും ട്രോം ക്രൂസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇത് മിഷന്‍ ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ അവസാനത്തെ ചിത്രമാണെന്ന സൂചനയും ഉണ്ട്. ടോം ക്രൂസിനെ കൂടാതെ ഹെയ്‌ലി ആട്വെല്‍, വിന്‍ റെംസ്, സൈമണ്‍ പെഗ്, വനേസ കിര്‍ബി, ഹെന്റി സേര്‍ണി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. മിഷന്‍ ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ എട്ടാമത്തെ ചിത്രം കൂടിയാണിത്.

അതേസമയം 1996ലാണ് മിഷന്‍ ഇംപോസിബിളിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. പിന്നീട് ഏഴ് ഭാഗങ്ങളായി ചിത്രങ്ങള്‍ പുറത്തിറങ്ങി. ടോം ക്രൂസിന്റെ സാഹസിക ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തെ ആരാധകര്‍ക്കിടയില്‍ പ്രശസ്തമാക്കിയത്.

SCROLL FOR NEXT