ടൊവിനോ തോമസ് നിര്‍മിച്ച് ബേസില്‍ ജോസഫ് നായകനായി എത്തിയ മരണ മാസ് എന്ന ചിത്രം സൗദിയില്‍ നിരോധിച്ചിരുന്നു. സിനിമയുടെ കാസ്റ്റില്‍ ട്രാന്‍സ്‌ജെന്‍ഡറായ വ്യക്തിയുണ്ട് എന്നത് ചൂണ്ടിക്കാട്ടിയാണ് സൗദിയില്‍ ചിത്രം നിരോധിച്ചത്. കുവൈറ്റില്‍ ചിത്രത്തില്‍ ചില കട്ടുകള്‍ വരുത്തിയ ശേഷമാണ് റിലീസ് ചെയ്തതെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് അടുത്തിടെ നടന്ന പ്രസ് മീറ്റില്‍ ടൊവിനോ സംസാരിച്ചിരുന്നു.
സൗദിയേ പറ്റി നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യയ്ക്ക് ഉണ്ടായിരിക്കുന്നത് പുരോഗതിയാണോ അധോഗതിയാണോ എന്നതില്‍ തനിക്ക് സംശയമുണ്ട് എന്നാണ് ടൊവിനോ പറഞ്ഞത്. താന്‍ 2019ല്‍ പോയപ്പോള്‍ കണ്ട സൗദിയല്ല 2023ല്‍ ഉള്ളതെന്നും അവര്‍ക്ക് സമയം കൊടുക്കേണ്ടതുണ്ടെന്നും ടൊവിനോ അഭിപ്രായപ്പെട്ടു.
'കുവൈറ്റില്‍ കുറച്ച് ഷോട്ടുകള്‍ കട്ട് ചെയ്തു കളഞ്ഞിട്ടുണ്ട്. സൗദിയില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. നമ്മുടെ രാജ്യമൊക്കെയാണെങ്കില്‍ വേണമെങ്കില്‍ ചോദ്യംചെയ്യാം, അതിന് വേണ്ടി ഫൈറ്റ് ചെയ്യാം. മറ്റ് രാജ്യങ്ങളില്‍ നിയമംവേറെയാണ്. തത്കാലം ഒന്നുംചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. അത് കാര്യമാക്കേണ്ടതില്ല. വേറെ ഒരുപാട് സ്ഥലങ്ങളില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞു. ഇത് പ്രശ്നമല്ലാത്ത എത്രയോ സ്ഥലങ്ങളുണ്ട്, അവിടെയൊക്കെ നന്നായി ആളുകള്‍ ചിത്രത്തെ സ്വീകരിച്ചുകഴിഞ്ഞു. അവര്‍ക്ക് അതില്‍ യാതൊരു പ്രശ്നവും തോന്നുന്നില്ല. ഓരോ രാജ്യങ്ങളുടെ നിയമമാണ്', ടൊവിനോ പറഞ്ഞു.
'സൗദിയെപ്പറ്റി നമുക്ക് എല്ലാര്‍വര്‍ക്കും അറിയാം. ഞാന്‍ 2019-ല്‍ പോയപ്പോള്‍ കണ്ട സൗദിയല്ല 2023-ല്‍ കണ്ടത്. അതിന്റേതായ സമയം കൊടുക്കൂ, അവര്‍ അവരുടേതായ ഭേദഗതികള്‍ വരുത്തുന്നുണ്ട്. എന്നാല്‍ 2019-ല്‍ ഇന്ത്യ ഉണ്ടായിരുന്നതിനേക്കാള്‍ പ്രോഗ്രസീവായാണോ, റിഗ്രസീവായാണോ മാറിയിരിക്കുന്നത് എന്ന് ചോദിച്ചാല്‍ അത് വലിയ ചോദ്യമാണ്. കഴിഞ്ഞ അഞ്ചാറുവര്‍ഷംകൊണ്ട് നമ്മുടെ രാജ്യത്ത് പുരോഗതിയാണോ അധോഗതിയാണോ ഉണ്ടാക്കിയിരിക്കുന്നത് എന്നതില്‍ എനിക്ക് സംശയമുണ്ട്', എന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.