ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾ നൽകിയ അപ്പീലിൽ എതിർകക്ഷികൾക്ക് നോട്ടീസയച്ച് സുപ്രീം കോടതി. സംസ്ഥാന സർക്കാർ, കെ.കെ. രമ അടക്കമുള്ളവർക്കാണ് നോട്ടീസ് അയച്ചത്. ആറാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു.
കേസിലെ ഒന്നു മുതൽ എട്ടു വരെ പ്രതികളാണ് ശിക്ഷായിളവ് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ആദ്യ ആറു പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവർ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടവരാണ്. 12 വർഷമായി ജയിലിലാണെന്നും, ശിക്ഷയിളവ് നൽകി ജാമ്യം അനുവദിക്കണം എന്നും ആവശ്യപ്പെട്ടാണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചത്. ഈ പ്രതികൾ 20 വർഷത്തേക്ക് തുടർച്ചയായി ഇളവില്ലാതെ ശിക്ഷ അനുഭവിക്കണം എന്നാണ് ഹൈക്കോടതി ഉത്തരവ്.
കേസിൽ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവും കെ.കെ. കൃഷ്ണനും ശിക്ഷയിളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നെങ്കിലും ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.