ഈജിപ്തിലെ നൈൽ ഡെൽറ്റയിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. ദുരന്തത്തിൽ രണ്ട് കുട്ടികളുൾപ്പെടെ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. ഈജിപ്ത് ശർഖിയ പ്രവിശ്യയുടെ തലസ്ഥാനമായ സഗാസിഗ് നഗരത്തിലാണ് ട്രെയിനുകൾ കൂട്ടിയിടിച്ചത്. അപകടത്തിൽ 40 പേർക്ക് പരിക്കേറ്റതായി ഈജിപ്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ച രാത്രിയാണ് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഒരു ട്രെയിൻ ഭാഗികമായി തകർന്നിട്ടുണ്ട്. പ്രദേശവാസികളെത്തി ട്രെയിനിൻ്റെ ജനാലയിലൂടെ പരിക്കേറ്റവരെ രക്ഷിക്കുകയായിരുന്നു.
ഈജിപ്തിൽ ട്രെയിൻ പാളം തെറ്റലും അപകടങ്ങളും പതിവാണ്. കാലഹരണപ്പെട്ട റെയിൽവേ സംവിധാനവും മോശപ്പെട്ട മാനേജ്മെൻ്റുമാണ് ഇതിന് പ്രധാന കാരണമെന്നാണ് ആരോപണം. അതേസമയം കഴിഞ്ഞ വർഷങ്ങളിലായി റെയിൽവേയെ മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭങ്ങൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അവഗണിക്കപ്പെട്ട റെയിൽ ശൃംഖല ശരിയായ രീതിയിൽ പുനർനിർമിക്കുന്നതിന് 250 ബില്യൺ ഈജിപ്ഷ്യൻ പൗണ്ട് (ഏകദേശം 60,000 കോടി രൂപ) ആവശ്യമാണെന്നാണ് പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് എൽ-സിസി 2018-ൽ പറഞ്ഞത്.