NEWSROOM

പാകിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കി; ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂച് ലിബറേഷന്‍ ആര്‍മി

ട്രെയിനില്‍ യാത്ര ചെയ്തിരുന്ന 120 യാത്രക്കാരെ ബിഎൽഎ ബന്ദികളാക്കി

Author : ന്യൂസ് ഡെസ്ക്

പാകിസ്ഥാനിൽ ട്രെയിൻ തട്ടിയെടുത്ത് ബലൂച് ലിബറേഷൻ ആ‍ർമി (ബിഎല്‍എ). ജാഫർ എക്‌സ്പ്രസ് എന്ന ട്രെയിനാണ് ആക്രമിക്കപ്പെട്ടത്. പാകിസ്ഥാനിലെ ബോലാനിലാണ് സംഭവം. ട്രെയിനില്‍ യാത്ര ചെയ്തിരുന്ന 100ല്‍ അധികം യാത്രക്കാരെ ബിഎൽഎ ബന്ദികളാക്കി. ആറ് പാക് സൈനികരെ കൊലപ്പെടുത്തിയ ബിഎൽഎ നടപടിയുണ്ടായാൽ എല്ലാ ബന്ദികളെയും കൊലപ്പെടുത്തുമെന്നും അറിയിച്ചു. എന്നാൽ ട്രെയിൻ തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കിയതായി പ്രവിശ്യാ ഗവൺമെന്റിന്റെയോ റെയിൽവേയുടെയോ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ബലൂച് ലിബറേഷൻ ആ‍ർമി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസിൽ ഒമ്പത് ബോഗികളിലായി 400 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ട്രെയിനിന് നേരെ വെടിവെപ്പ് നടന്നതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.  ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്ന് ബിഎൽഎ പ്രസ്താവനയില്‍ പറയുന്നു. ബന്ദികളിൽ പാകിസ്താൻ മിലിട്ടറി, ആന്റി ടെററിസം ഫോഴ്സ് (എടിഎഫ്), ഇന്റർ സർവീസ് ഇന്റലിജൻസ് (ഐഎസ്ഐ) ഉദ്യോ​ഗസ്ഥരുമുണ്ട്.  ആക്രമണത്തിനിടയിൽ യാത്രക്കാരിലെ സ്ത്രീകൾ, കുട്ടികൾ, ബലൂച് സ്വദേശികൾ എന്നിവരെ വിട്ടയച്ചതായും ബിഎൽഎ പറയുന്നു.  ബിഎൽഎയുടെ ഫിദായീൻ യൂണിറ്റായ മജീദ് ബ്രി​ഗേഡാണ് ട്രെയിൻ അട്ടിമറി നടത്തിയത്. ബിഎൽഎയുടെ ഇന്റലിജൻസ് വിങ്ങായ സിറാബ്, ഫതേ സ്ക്വാഡ് എന്നിവയുടെ പിന്തുണ ആക്രമണത്തിന് ലഭിച്ചതായും പ്രസ്താവനയിൽ പറയുന്നു.

2000 മുതൽ അഫ്​ഗാനിസ്ഥാനിലെ ബലൂചിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് ബലൂച് ലിബറേഷൻ ആ‍ർമി. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം എന്ന ആവശ്യം ഉന്നയിച്ചാണ് ഈ സായുധ സംഘടന പ്രവർത്തിക്കുന്നത്.

SCROLL FOR NEXT