രാജ്യത്ത് സിവിൽ സർവീസിൻ്റെ വിശ്വാസ്യതയെ ഒന്നടങ്കം ചോദ്യമുനയിൽ നിർത്തുകയാണ് പൂജ ഖേദ്കർ. വ്യാജരേഖ നൽകി സർവീസിൽ പ്രവേശിച്ചെന്ന ഗുരുതര ആരോപണത്തിൽ നിയമ നടപടി നേരിടുകയാണ് പൂജ. ഇവർക്കെതിരായ തുടർനടപടികൾ സ്വീകരിക്കാൻ ഐഎഎസ് പരിശീലനം അവസാനിപ്പിച്ച് അക്കാദമിയിൽ തിരികെയെത്താൻ നിർദേശിച്ചിരിക്കുകയാണ് ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷൻ.
2022ൽ ട്രെയിനിയായി പ്രവേശിച്ച നാൾ തൊട്ട് പൂജ ഖേദ്കർ വിവാദത്തിലാണ്. സ്വകാര്യ കാറിൽ ബീക്കൺ ലൈറ്റ് വെച്ചതു മുതൽ അഡീഷണൽ കളക്ടറുടെ മുറി കൈയേറിയതു വരെയുള്ള സംഭവങ്ങളുടെ ചൂട് മാറുന്നതിന് മുൻപാണ് പൂജ വ്യാജസർട്ടിഫിക്കറ്റ് കെട്ടിച്ചമച്ചുവെന്ന ആരോപണം ഉയർന്നത്. കാഴ്ചാപരിമിതിയും മാനസിക വെല്ലുവിളിയും നേരിടുന്നയാളാണെന്നും, ഒബിസിയാണെന്ന് അവകാശപ്പെടുന്ന രേഖകള്‍ സമർപ്പിച്ചാണ് ആനൂകൂല്യം നേടിയെന്നാണ് യുപിഎസ്‌സി വ്യക്തമാക്കുന്നത്.
വൈദ്യപരിശോധനയ്ക്ക് വിധേയയാകണമെന്ന് ആറു പ്രാവശ്യം പൂജയോട് ആവശ്യപ്പെട്ടെങ്കിലും സഹകരിച്ചിരുന്നില്ല. അനാസ്ഥ തുടർന്നതോടെ നിയമനം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുകയായിരുന്നു. അന്വേഷണത്തിൽ ബിരുദ സർട്ടിഫിക്കറ്റ് മുതൽ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് സമർപ്പിച്ച അപേക്ഷയിൽ വരെ ക്രമക്കേട് കണ്ടെത്തി. തുടർന്നാണ് പൂജയെ ട്രെയിനിങ്ങിൽ നിന്ന് താത്കാലികമായി സസ്‌പെൻഡ് ചെയ്തത്.
മാധ്യമവിചാരണയ്ക്ക് ഇരയാകുന്നുവെന്നും നിരപരാധിയാണെന്നുമാണ് പൂജയുടെ വാദം. മുൻ മേലുദ്യോഗസ്ഥനും പൂനെ ജില്ലാ കളക്ടറുമായ സുഹാസ് ദിവാസെക്കെതിരെ പൂജ പീഡന പരാതിയും നൽകി. യുപിഎസ്‌സിയുടെ വിശ്വസ്യതയെ പിടിച്ചുലയ്ക്കുന്ന വിവാദത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് ബിജെപി ദേശീയ സെക്രട്ടറി പങ്കജ് മുണ്ടെയുമായി പൂജയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നത്. പൂജയുടെ അമ്മ മനോരമ ഖേഡ്ക്കര്‍ തോക്കുമായി ആളുകളെ ഭയപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതും വിവാദം കത്തിപ്പടരാൻ ഇടയാക്കിയിരുന്നു.