പൂജ ഖേഡ്ക്കര്‍ 
NEWSROOM

പൂജ ഖേഡ്ക്കറുടെ പരിശീലനം നിര്‍ത്തിവെച്ചു, അക്കാദമിയിലേക്ക് തിരികെ വിളിച്ച് നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷൻ

യുപിഎസ്‍സിക്കു മുന്‍പാകെ പൂജ ഖേഡ്ക്കര്‍ സമര്‍പ്പിച്ച അംഗ പരിമിതിക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഏകാംഗ സമിതി പരിശോധിച്ചു വരികയാണ്

Author : ന്യൂസ് ഡെസ്ക്

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും വ്യാജ അംഗപരിമിതി വാദങ്ങള്‍ ഉന്നയിച്ചതിനും ആരോപണങ്ങള്‍ നേരിടുന്ന പൂജ ഖേഡ്ക്കര്‍ ഐഎഎസിന്‍റെ പരിശീലനം നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ നിര്‍ത്തിവെച്ചു. സിവില്‍ സര്‍വീസില്‍ ചേരുന്നതിനായി പൂജ വ്യാജ അംഗപരിമിതി, ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചുവെന്ന ആരോപണത്തിലാണ് മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍റെ നടപടി. തുടര്‍നടപടികള്‍ക്കായി ജൂലൈ 23നു മുന്‍പ് അക്കാദമിയില്‍ തിരിച്ചെത്താനാണ് പൂജയ്ക്ക് നല്‍കിയിരിക്കുന്ന നിർദേശം.

2018ലും 2021 ലുമായി അഹമ്മദ്‌നഗര്‍ ജില്ലാ സിവില്‍ ആശുപത്രിയില്‍ നിന്നും രണ്ട് സര്‍ട്ടിഫിക്കറ്റുകളാണ് തുടക്കത്തില്‍ പൂജ യുപിഎസ്‍സിക്ക് സമര്‍പ്പിച്ചിരുന്നത്. അംഗപരിമിതികളുള്ള ആളാണെന്ന് സ്ഥാപിക്കാനായിരുന്നു ഈ സര്‍ട്ടിഫിക്കറ്റുകള്‍. എന്നിരുന്നാലും യുപിഎസ്‍സി പൂജയെ പരിശോധനകള്‍ക്കായി എയിംസിലേക്ക് അയച്ചു. ആറു തവണ പരിശോധനകളില്‍ നിന്നും ഒഴിഞ്ഞുമാറിയ പൂജ പിപ്രിയിലുള്ള ആശുപത്രിയില്‍ നിന്നും അംഗപരിമിതിക്കുള്ള സര്‍ട്ടിഫിക്കറ്റ് നേടുകയായിരുന്നു. പൂജയുടെ ഇടത് കാല്‍മുട്ടിനുണ്ടായിരുന്ന പഴയ ഒരു എസിഎല്‍ (ആന്‍റീരിയര്‍ ക്രൂസിയേറ്റ് ലിഗമെന്‍റ്) കീറല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിപ്രിയിലെ ആശുപത്രി സർട്ടിഫിക്കറ്റ് അനുവദിച്ചത്. യുപിഎസ്‍സിക്കു മുന്‍പാകെ പൂജ ഖേഡ്ക്കര്‍ സമര്‍പ്പിച്ച അംഗ പരിമിതിക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഏകാംഗ സമിതി പരിശോധിച്ചു വരികയാണ്. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ പൂജയെ പൂനെയില്‍ നിന്നും വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു.

SCROLL FOR NEXT