എഡിജിപി എം.ആര്‍. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയ നടപടിയിൽ പാർട്ടിയും സർക്കാരും വാക്ക് പാലിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നടപടി വൈകിയിട്ടില്ലെന്നും, നടപടിയുടെ കാരണമെന്തെന്ന് രാഷ്ട്രീയം അറിയുന്നവർക്ക് മനസിലാകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. എഡിജിപിയെ പുറത്താക്കാൻ ആവശ്യപ്പെട്ട് സിപിഐ കത്ത് നൽകിയിട്ടില്ലെന്നും എം. വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
എഡിജിപി എം.ആര്‍. അജിത് കുമാറിനെ കഴിഞ്ഞ ദിവസമാണ് ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ചേർന്ന നിർണായക യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. സായുധ പൊലീസ് ബറ്റാലിയനിലേക്കാണ് മാറ്റിയത്. ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി മാറ്റി നിയമിച്ചു. നേരത്തെ എഡിജിപി എം.ആർ. അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളിൽ സംസ്ഥാന പൊലീസ് മേധാവിയും പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു.
എന്നാൽ, സിപിഐ നിലപാടാണ് എഡിജിപിക്കെതിരായ നടപടിയിൽ സമ്മര്‍ദ്ദമായതെന്നാണ് സൂചനകൾ. എഡിജിപിക്ക് എതിരായ നടപടി ഉണ്ടായില്ലെങ്കിൽ നിയമസഭയില്‍ സിപിഐക്ക് അഭിപ്രായം പറയേണ്ടി വരുമെന്ന് ബിനോയ് വിശ്വം എം.വി ഗോവിന്ദനെ അറിയിച്ചിരുന്നു. സിപിഐ പാര്‍ലമെന്ററി പാർട്ടി യോഗത്തിന് ശേഷം എംവി ഗോവിന്ദനോട് ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കുകയായിരുന്നു.
ALSO READ: ഉചിതമായ, ശരിയായ നടപടി; ഇത് എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിജയം: ADGPയുടെ ചുമതല മാറ്റത്തില്‍ ബിനോയ് വിശ്വം