കേരള ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിച്ചു. ദേവസ്വം ബോർഡ് കമ്മിഷണറായി ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി സി.വി.പ്രകാശിനെ നിയമിച്ച ഹൈക്കോടതി ഉത്തരവിന് എതിരെയാണ് ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിച്ചത്. ബോർഡിൻ്റെ അധികാരം ദേവസ്വം ബെഞ്ച് കവർന്നെടുക്കുന്നുവെന്നാണ് ആരോപണം.
ഹൈക്കോടതി ദേവസ്വം ബെഞ്ച് ജുഡീഷ്യൽ അച്ചടക്കം ലംഘിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. ദേവസ്വം ബോർഡിന്‍റെ ഹര്‍ജിയില്‍ സുപ്രീംകോടതി സർക്കാരിൻ്റെ നിലപാട് തേടി.
നിയമസഭ പാസാക്കിയ നിയമങ്ങളും ചട്ടങ്ങളും പ്രകാരം ദേവസ്വം ബോർഡ് കമ്മിഷണറെ നിയമിക്കാനുള്ള അധികാരം തങ്ങൾക്ക് ആണെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ വാദം. എന്നാൽ ഭരണഘടനയുടെ 226-ാം അനുച്ഛേദം നൽകുന്ന അധികാരം ഉപയോഗിച്ച് നിയമങ്ങളിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ മാറ്റി എഴുതാനാണ് കേരള ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ശ്രമിക്കുന്നതെന്ന് ദേവസ്വം ബോർഡ് ഹര്‍ജിയില്‍ പറയുന്നു.
ജസ്റ്റിസുമാരായ അനിൽ നരേന്ദ്രൻ, ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് സ്വമേധയാ എടുത്ത കേസിൽ സി.വി. പ്രകാശിനെ ദേവസ്വം കമ്മിഷണറായി നിയമിച്ചത്. എന്നാൽ ദേവസ്വം ബെഞ്ചിന്റെ ഈ നടപടി ജുഡീഷ്യൽ അച്ചടക്കത്തിന്റെ ലംഘനമാണെന്ന ഗുരുതര ആരോപണവും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. തിരുവിതാംകൂർ കൊച്ചി ഹിന്ദു മത സ്ഥാപന നിയമത്തിന്റെ 13 ബി വകുപ്പിനെ സംബന്ധിച്ച് 2019 ൽ കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണ് ഇപ്പോഴത്തെ ദേവസ്വം ബെഞ്ചിന്റെ ഉത്തരവെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് ഹർജിയിൽ ചൂണ്ടിക്കാട്ടി.