എരുമേലി അയ്യപ്പ ക്ഷേത്രത്തിൽ കുറി തൊടുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നടക്കുന്നത് അസത്യ പ്രചരണമാണ്. പൊട്ട് കുത്തലുകാരുടെ ചൂഷണം ഒഴിവാക്കാനാണ് ചടങ്ങ് ബോർഡ് ഏറ്റെടുത്തത്. 50 രൂപ വാങ്ങിയിരുന്ന ഇടത്താണ് പത്ത് രൂപയായി നിജപ്പെടുത്തിയതെന്നും ദേവസ്വം ബോർഡ് അറിയിച്ചു. യോഗത്തിലോ മറ്റു നടപടിക്രമങ്ങളിലേക്ക് കടന്നപ്പോഴോ ആരും ആക്ഷേപം ഉന്നയിച്ചിരുന്നില്ലെന്നും, ലേല നടപടികൾ പൂർത്തിയായ ശേഷമുള്ള കുപ്രചരണം സ്ഥാപിത താൽപര്യം മുൻനിർത്തിയുള്ളതാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി.
പേട്ട തുള്ളുന്നവർക്കുള്ള കുറിക്ക് 10 രൂപ ഫീസ് ഈടാക്കാനുള്ള ദേവസ്വം ബോർഡ് തീരുമാനമാണ് വിവാദമായത്. വരുന്ന ശബരിമല സീസണിൽ എരുമേലി അയ്യപ്പ ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക്, പേട്ട തുള്ളലിന്റെ ഭാഗമായി കുറി ചാർത്താൻ 10 രൂപ ഈടാക്കാൻ ആണ് ദേവസ്വം ബോർഡ് തീരുമാനിച്ചത്. ഇതിനായി 4 സ്റ്റാളുകൾ ബോർഡ് ലേലത്തിൽ വച്ചു. 30000 രൂപ അടിസ്ഥാന വിലയിട്ട സ്റ്റാളുകൾ 10 ലക്ഷത്തോളം രൂപയ്ക്കാണ് ലേലത്തിൽ പോയത്. ഇതിനെതിരെ അയ്യപ്പസേവാസമാജം ഉൾപ്പെടെയുള്ള ഹൈന്ദവസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ദേവസ്വം ബോർഡ് നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് അയ്യപ്പസേവാ സമാജം വ്യക്തമാക്കി. തീർഥാടനകാലത്ത്, ക്ഷേത്രനടപ്പന്തലിലും വ്യവസ്ഥകൾപ്രകാരം ലേലം ചെയ്ത കടകളിലും ആനക്കൊട്ടിലിന് മുന്നിലും ഭക്തർക്ക് കുറിതൊടാനുള്ള സൗകര്യം മുമ്പും ഉണ്ടായിരുന്നു. പേട്ടതുള്ളൽ കഴിഞ്ഞ് കടവിൽ കുളിച്ച് ഭക്തർ ഇവിടെയെത്തി പൊട്ടുകുത്തി പണം നൽകുമായിരുന്നു. ക്ഷേത്രദർശനം നടത്തി പ്രസാദം വാങ്ങുന്നതിന് പുറമെയായിരുന്നു ഈ രീതി.