പത്തനംതിട്ട പെരുനാട് ക്ഷേത്രത്തിൽ എസ്എൻഡിപി യോഗം പ്രവർത്തകർ ഷർട്ടിട്ട് കയറിയ സംഭവത്തിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ പി.എസ് പ്രശാന്ത്. ക്ഷേത്രങ്ങളിൽ ഷർട്ടിട്ട് കയറണമോ വേണ്ടയോ എന്നുള്ളത് വിശ്വാസികളുടെ വ്യക്തിപരമായ തീരുമാനമാണ്. ഷർട്ടിട്ട് കയറുന്നവരെ ദേവസ്വം ബോർഡ് തടയില്ലെന്നും പി.എസ്. പ്രശാന്ത് വ്യക്തമാക്കി.
പൊതുവായി ക്ഷേത്രങ്ങളില്‍ ഷർട്ടിട്ട് കയറണം എന്ന വാദത്തെ ദേവസ്വം ബോർഡ് അംഗീകരിച്ചിട്ടില്ലെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു. കൂടി ആലോചനകൾക്ക് ശേഷം മാത്രം നടപടി സ്വീകരിക്കാൻ കഴിയുന്ന വിഷയമാണിത്. ആചാരപരമായ വിഷയമായതിനാൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന നിലയിൽ അഭിപ്രായം പറയുന്നതിന് പരിമിതികളുണ്ട്. വിഷയം വിശ്വാസികൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് മാറരുത്. ദേവസ്വം ബോർഡ് വളരെയധികം ബഹുമാനിക്കുന്ന സമൂഹമാണ് ശിവഗിരി മഠത്തിലെ സ്വാമിമാരെന്നും പ്രശാന്ത് അറിയിച്ചു.
പത്തനംതിട്ട പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിലാണ് എസ്എല്‍ഡിപി പ്രവത്തകർ ഷർട്ട് ധരിച്ച് ചുറ്റമ്പലത്തിൽ പ്രവേശിച്ചത്. മേൽവസ്ത്ര വിവാദത്തിന്റെ പശ്ചാത്തലത്തിൽ എസ്എന്‍ഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ആയിരുന്നു ദർശനം. എതിർപ്പുകളില്ലാതെ ദർശനം പൂർത്തിയാക്കാനും പ്രവർത്തകർക്ക് കഴിഞ്ഞു.
Also Read: 'സ്വാതന്ത്ര്യ സമരവുമായി സവർക്കർക്ക് ഒരു ബന്ധവുമില്ല'; ഗവർണറുടെ പ്രസംഗത്തിനെതിരെ സിപിഐഎം നേതാക്കള്‍
തൃശൂർ കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകവിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് ക്ഷേത്രത്തിൽ ഷർട്ടിടാതെ ദർശനം നടത്തിയതെന്നാണ് എസ്എന്‍ഡിപി പ്രവർത്തകരുടെ വിശദീകരണം. ദേവസ്വം ബോർഡ് എസ്എൻഡിപിയോട് കാണിക്കുന്ന നിലപാട് ശരിയല്ല. 65 ശതമാനം വരുന്ന ഈഴവ വിഭാഗക്കാർ ഇപ്പോഴും അവഗണന നേരിടുകയാണെന്നും പ്രവർത്തകർ പറഞ്ഞു. എല്ലാ ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ചു കയറാൻ അനുവദിക്കണമെന്ന് എസ്എൻഡിപിയും ശിവഗിരി മഠവും നേരത്തെ ആവശ്യപ്പെട്ടിരുന്നു. മറ്റു ശാഖകളെയും സംഘടിപ്പിച്ച് കേരളത്തിലാകെ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് പ്രവർത്തകരുടെ തീരുമാനം.