NEWSROOM

മരംമുറി വിവാദം: എസ്‌പി സുജിത് ദാസ് അവധിയിലേക്ക്

മൂന്ന് ദിവസത്തേക്കാണ് സുജിത് ദാസ് അവധി അപേക്ഷ നൽകിയത്

Author : ന്യൂസ് ഡെസ്ക്

മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ക്യാംപ് ഓഫീസുമായി ബന്ധപ്പെട്ട മരംമുറി വിവാദങ്ങൾക്കിടെ പത്തനംതിട്ട എസ്‌പി സുജിത് ദാസ് അവധിയിൽ പ്രവേശിച്ചു. മൂന്ന് ദിവസത്തേക്കാണ് സുജിത് ദാസ് അവധി അപേക്ഷ നൽകിയത്. കാണാനെത്തിയ സുജിത് ദാസിന് എഡിജിപി മുഖം നൽകിയിരുന്നില്ല.

കഴിഞ്ഞ ദിവസം, മരംമുറി വിവാദവുമായി ബന്ധപ്പെട്ട രേഖകൾ പി.വി. അൻവർ എംഎൽഎ പുറത്തുവിട്ടിരുന്നു. പൊലീസ് ക്യാമ്പ് ഓഫീസിലെ മരങ്ങൾ വില കുറച്ച് വിറ്റതിൻ്റെ രേഖകളാണ് പുറത്തുവിട്ടത്. 2020 ജനുവരി 21ന് സോഷ്യൽ ഫോറസ്ട്രി ഒരു തേക്കിനും, മറ്റു രണ്ട് മരങ്ങളുടെ ശിഖരങ്ങൾക്കുമായി 51,533 രൂപ വിലയിട്ടിരുന്നു. മൂന്ന് വർഷത്തിന് ശേഷം, 2023 ജൂൺ 7ന് ഇതേ മരങ്ങൾ 20,500 രൂപക്ക് വിറ്റു.

മുൻ എസ്‌പി സുജിത് ദാസായിരുന്നു കുറഞ്ഞ വിലയ്ക്ക് മരങ്ങൾ ലേലം ചെയ്തതായി രേഖയിൽ ഒപ്പുവെച്ചത്. സോഷ്യൽ ഫോറസ്ട്രി നിശ്ചയിച്ച വിലയ്ക്ക് നാല് തവണ മരം ആരും ഏറ്റെടുത്തില്ല. അഞ്ചാം തവണ വില കുറച്ച് നൽകിയപ്പോഴാണ് മരം വിൽപ്പന നടത്താനായതെന്നും പി.വി. അൻവർ പുറത്തുവിട്ട രേഖകളിൽ പറയുന്നു.

അതേസമയം, മരങ്ങൾ മുറിച്ചുകടത്തിയത് അന്വേഷിക്കാത്തതിനെ തുട‍ർന്ന് കുത്തിയിരിപ്പ് സമരം നടത്തിയ പി.വി. അൻവർ എംഎൽഎയെ എസ്‌പി സുജിത് ദാസ് ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമം നടത്തിയിരുന്നു. പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എംഎൽഎയെ എസ്‌പി ഫോണിൽ ബന്ധപ്പെട്ടത്. പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ മലപ്പുറം എസ്‌പി ശശിധരനെതിരെ താൻ പറഞ്ഞ കാര്യത്തോട് യോജിക്കുന്നതായി എസ്‌പി സുജിത് ദാസ് ഫോണിലൂടെ അറിയിച്ചെന്നും അൻവർ എംഎൽഎ വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു.

SCROLL FOR NEXT