NEWSROOM

മഹാരാജാസിലെ അഭിമന്യു കൊലക്കേസ്: വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും

16 പ്രതികള്‍ക്കും കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു.

Author : ന്യൂസ് ഡെസ്ക്


എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികൾ. 16 പ്രതികള്‍ക്കും കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു.

പ്രോസിക്യൂഷന്റെ പ്രാഥമിക വാദത്തിന് ശേഷം പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. അനിശ്ചിതമായി വിചാരണ വൈകുന്നതിനെതിരെ അഭിമന്യുവിന്റെ മാതാവ് ഇടുക്കി വട്ടവട സ്വദേശി ഭൂപതി നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. 2018 സെപ്തംബര്‍ 24 നാണ് കേസില്‍ കുറ്റപത്രം നല്‍കിയത്.

2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. കേസില്‍ കഴിഞ്ഞ വര്‍ഷം വിചാരണ തുടങ്ങാനിരിക്കെ കേസിലെ ചില നിര്‍ണായക രേഖകള്‍ നഷ്ടപ്പെട്ടിരുന്നു.

SCROLL FOR NEXT