NEWSROOM

അതിശൈത്യത്തിലും തടസ്സമില്ലാതെ ഓടും; ജമ്മു കശ്മീരിലെ ആദ്യ വന്ദേ ഭാരതിൻ്റെ ട്രയൽ റൺ പൂർത്തിയായി

കത്രയിൽ നിന്ന് ശ്രീനഗർ വരെയായിരുന്നു റെയിൽവേയുടെ ചരിത്രത്തിലെ നാഴിക കല്ലാകുന്ന ആദ്യ ട്രയൽ റൺ നടത്തിയത്

Author : ന്യൂസ് ഡെസ്ക്

ജമ്മു കശ്മീരിലെ ആദ്യ വന്ദേ ഭാരത് ട്രയൽ റൺ പൂർത്തിയാക്കി. കത്രയിൽ നിന്ന് ശ്രീനഗർ വരെയായിരുന്നു റെയിൽവേയുടെ ചരിത്രത്തിലെ നാഴിക കല്ലാകുന്ന ആദ്യ ട്രയൽ റൺ നടത്തിയത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയില്‍ പാലമായ ചെനാബിലൂടെയും ട്രെയിൻ സഞ്ചരിച്ചു.  ഇന്ത്യൻ റെയിൽവേയ്ക്ക് അഭിവാദ്യങ്ങളും മുദ്രാവാക്യം വിളികളുമായി ജമ്മു കശ്മീർ ജനങ്ങളും ട്രെയിനിനെ വരവേറ്റു.


ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാഴിക കല്ല്, അതായിരുന്നു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലമായ ചെനാബിലൂടെ ജമ്മു കശ്മീരിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രയൽ റൺ നടത്തിയപ്പോൾ കുറിക്കപ്പെട്ടത്. ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ശ്രീനഗര്‍ റെയില്‍വേ സ്റ്റേഷനിലേക്കായിരുന്നു വന്ദേ ഭാരതിൻ്റെ ആദ്യ പരീക്ഷണ യാത്ര. ചെനാബ് പാലത്തിലൂടെ മാത്രമല്ല, ഇന്ത്യയിലെ ആദ്യ കേബിള്‍ സ്റ്റേഡ് റെയില്‍വേ പാലമായ അഞ്ചി ഖഡ് പാലത്തിലൂടെയും ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തി.

ജമ്മു കശ്മീരിലെ അതിശൈത്യകാലത്ത് യാതൊരു തടസവുമില്ലാതെ ഓടാൻ കഴിയുമെന്നതാണ് ഈ വന്ദേ ഭാരതിൻ്റെ പ്രത്യേകത. കഠിനമായ ശൈത്യകാലത്ത് വെള്ളമോ ടോയ്‌ലറ്റ് സൗകര്യമോ തണുത്തു മവിക്കാതെയിരിക്കുന്ന വിധമാണ് രൂപകൽപ്പന. ശൈത്യകാലത്തെ പ്രധാന വെല്ലുവിളികളിൽ ഒന്നായ ലോക്കോ പൈലറ്റിൻ്റെ ഫ്രണ്ട് ലുക്ക്ഔട്ട് ഗ്ലാസിൻ്റെ ദൃശ്യപരത വ്യക്തമായി സൂക്ഷിക്കാനും ഈ വന്ദേ ഭാരതിന് സാധിക്കും. സ്വയം ഡീഫ്രോസ്റ്റ് ചെയ്യുന്നതിന് വിന്‍ഡ്ഷീല്‍ഡില്‍ പ്രത്യേക താപ ഘടകങ്ങളും ചേർത്തിട്ടിട്ടുണ്ട്.

വിജയകരമായി പരീക്ഷണ ഓട്ടം പൂർത്തിയാക്കിയ വന്ദേ ഭാരത് ഉടൻ തന്നെ പൂർണമായും ഓടിത്തുടങ്ങുമെന്നാണ് വിവരം. കത്ര റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നത്. എന്നാൽ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

SCROLL FOR NEXT