ഷിരൂരിൽ അർജുനായുള്ള ഡ്രഡ്ജിംഗ് പുരോഗമിക്കുന്നതിനിടെ തെരച്ചിലിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയ്‌ക്കെതിരെ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. സ്വതന്ത്ര സംവിധാനമായി പ്രവർത്തിക്കാൻ മാൽപെ ശ്രമിച്ചെന്ന് കാർവാർ എംഎൽഎ വിമർശിച്ചു. ഗംഗാവാലിയിൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ തുടരും. 80 മണിക്കൂർ പ്രവർത്തിപ്പിക്കുക എന്നതാണ് കമ്പനിയുമായുള്ള കരാർ. രക്ഷാപ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.
അതേസമയം, രക്ഷാപ്രവർത്തനം പാതിവഴിയിൽ മതിയാക്കി ഈശ്വർ മാൽപെ മടങ്ങി. ജില്ലാ ഭരണകൂടവുമായി അഭിപ്രായ ഭിന്നത ഉണ്ടായതോടെയാണ് ദൗത്യത്തിൽ നിന്ന് മാൽപെ പിന്മാറിയത്. ഷിരൂരിൽ ഇനി തെരച്ചിലിന് ഇറങ്ങില്ലെന്ന് ഈശ്വർ മാൽപെ പറഞ്ഞിരുന്നു. ഷിരൂരിൽ തെരച്ചിലിന് നേതൃത്വം നൽകാൻ റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ ഷിരൂരിലെത്തും. വീണ്ടും ഡ്രോൺ പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്.
ഇന്ന് നടത്തിയ തെരച്ചിലിൽ പുഴയുടെ അടിത്തട്ടിൽ നിന്നും ബൈക്കും, ടാറ്റ ലോറിയുടെ എഞ്ചിനും കണ്ടെത്തി. നാവികസേന പുഴയിൽ മാർക്ക് ചെയ്ത സിപി4 എന്ന പോയിൻ്റിനെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് എഞ്ചിനും മറ്റു ചില ലോഹഭാഗങ്ങളും കണ്ടെത്തിയത്.