NEWSROOM

നടിക്കെതിരെ പൊതുവേദിയിൽ ദ്വയാർഥ പ്രയോഗവുമായി സംവിധായകൻ; ആരാധക രോഷത്തിനൊടുവിൽ മാപ്പ് പറഞ്ഞ് തടിയൂരാൻ ശ്രമം

ത്രിനാഥ റാവുവിന്‍റെ പുതിയ ചിത്രം 'മസാക്ക'യുടെ ടീസര്‍ ലോഞ്ച് ചടങ്ങിൽ വെച്ചായിരുന്നു ഈ മോശം പരാമര്‍ശങ്ങള്‍ ഉണ്ടായത്

Author : ന്യൂസ് ഡെസ്ക്


പൊതുവേദിയില്‍ വെച്ച് സ്വന്തം സിനിമയുടെ ഭാഗമായ യുവ നടിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി പുലിവാല് പിടിച്ച് സംവിധായകൻ ത്രിനാഥ റാവു നക്കിന. തെലുങ്ക് നടി അന്‍ഷു അംബാനിക്കെതിരെ ആയിരുന്നു തെലുങ്ക് സംവിധായകന്‍ ത്രിനാഥ റാവു ബോഡി ഷെയ്മിങ്ങും ദ്വയാർഥ പ്രയോഗവും നടത്തിയത്. സംഭവം വിവാദമായി പടർന്നുപിടിച്ചതോടെ സോഷ്യൽ മീഡിയയിലൂടെ പരസ്യമായി മാപ്പ് പറഞ്ഞിരിക്കുകയാണ് സംവിധായകൻ.

ത്രിനാഥ റാവുവിന്‍റെ പുതിയ ചിത്രം 'മസാക്ക'യുടെ ടീസര്‍ ലോഞ്ച് ചടങ്ങിൽ വെച്ചായിരുന്നു ഈ മോശം പരാമര്‍ശങ്ങള്‍ ഉണ്ടായത്. സന്ദീപ് കിഷൻ, മലയാളി നടി റിതു വർമ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ പ്രധാന വേഷമാണ് അന്‍ഷു അംബാനിക്കുള്ളത്.

‘എങ്ങനെയാണ് ഈ പെണ്‍കുട്ടി ഇത്ര സുന്ദരിയായത് എന്ന് എന്നെ അതിശയിപ്പിക്കാറുണ്ട്. ഇവള്‍ എങ്ങനെയായിരുന്നു എന്നറിയാന്‍ മന്‍മധുഡു കണ്ടാല്‍ മതി. ഇപ്പോള്‍ ആ സിനിമയിലേത് പോലെയാണോ ഇരിക്കുന്നത്. ഞാന്‍ അവളോട് ഭക്ഷണം കഴിച്ച് ശരീരഭാരം കൂട്ടാനും വലുപ്പം വെയ്ക്കാനും പറഞ്ഞു. തെലുങ്ക് സിനിമയ്ക്ക് ഇത് പോരാ.. സൈസ് കുറച്ച് കൂടി വലുതാവണം. ഇപ്പോള്‍ നല്ല രീതിയില്‍ അവള്‍ മെച്ചപ്പെട്ടു. അടുത്ത ചിത്രത്തിന് ഓകെയാകും," എന്നാണ് സംവിധായകൻ ത്രിനാഥ റാവു ടീസര്‍ ലോഞ്ച് ചടങ്ങിൽ വെച്ച് പറഞ്ഞത്.

ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സംവിധായകനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. ബോഡി ഷെയ്മിങ്ങും ദ്വയാർഥ പ്രയോഗവും നടത്തിയതിന് സംവിധായകൻ മാപ്പ് പറയണമെന്നും ആവശ്യമുയർന്നു. ഇതിന് പിന്നാലെയാണ് സംവിധായകൻ വീഡിയോ സന്ദേശത്തിലൂടെ പൊതുമാപ്പ് പറഞ്ഞ് തടിയൂരിയത്. 2024ൽ "നടി പായല്‍ രാധാകൃഷ്ണൻ സെറ്റില്‍ എന്നെ ഒഴിച്ച് എല്ലാവരെയും കെട്ടിപ്പിടിക്കാറുണ്ട്," എന്ന് പറഞ്ഞ് വിവാദ നായകനായ വ്യക്തിയാണ് ത്രിനാഥ റാവു.

SCROLL FOR NEXT