നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തൃണമൂൽ കോൺഗ്രസ്. രണ്ട് ദിവസത്തിനുള്ളില്‍ യുഡിഎഫ് മുന്നണിയിലേക്ക് എടുത്തില്ലെങ്കിൽ മത്സരിക്കുമെന്നാണ് തൃണമൂൽ അറിയിച്ചിരിക്കുന്നത്. 'യുഡിഎഫിൽ നീതി ഇല്ലെങ്കിൽ തങ്ങളുടെ രീതി' എന്ന് ടിഎംസി വ്യക്തമാക്കി. അൻവർ മത്സരരംഗത്തുണ്ടാകുമെന്നും നേതൃത്വം അറിയിച്ചു.
അൻവർ മത്സരിച്ചാൽ വിജയിക്കാനുള്ള സാഹചര്യമാണ് മണ്ഡലത്തിലെന്ന് ടിഎംസി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോൺഗ്രസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചത് മുന്നണിയിലെടുക്കുമെന്ന് ഉറപ്പ് നൽകിയതിനാലാണ്. നാല് ദിവസത്തിനുള്ളിൽ മുന്നണിയിലേക്ക് എടുക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത്. എന്നാൽ, വഞ്ചനാപാരമായ സമീപനമാണ് ഉണ്ടായതെന്നും തൃണമൂൽ നേതൃത്വം അറിയിച്ചു.
അന്‍വറിനെ അനുനയിപ്പിക്കാന്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് തൃണമൂല്‍ മത്സരരംഗത്തേക്കെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയാണ് അനുനയ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. പി.വി. അൻവർ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ട പ്രകാരമാണ് കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയ്ക്ക് തയ്യാറായത്. ലീഗിൻ്റെ പക്കലുള്ള തിരുവമ്പാടി സീറ്റ് വേണമെന്നാണ് പി.വി. അൻവർ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചിരിക്കുന്നത്. നിലവിൽ തിരുവമ്പാടി സീറ്റിൽ മത്സരിക്കുന്നത് ലീഗാണ്. യുഡിഎഫിനെ പിന്തുണയ്ക്കണമെങ്കിൽ തിരുവമ്പാടി സീറ്റിൽ ഉറപ്പ് വേണമെന്നാണ് അൻവറുടെ ആവശ്യം.
Also Read: അൻവറിന് മറുപടി പറയാനില്ല, നിലമ്പൂരിലെ ജനങ്ങൾക്ക് ഞാനെന്താണെന്ന് അറിയാം: ആര്യാടന് ഷൗക്കത്ത്
അൻവറിനുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വീണ്ടും ചർച്ച നടത്താൻ സാധ്യതയുണ്ടെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. അൻവർ ഉന്നയിച്ച ജനകീയ വിഷയങ്ങൾ തന്നെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിൽ ഉയർത്തുന്നതെന്നും വിഷയാധിഷ്ഠിത സഹകരണം അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നുമാണ് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞത്.