NEWSROOM

പിണറായി കേരളത്തെ മയക്ക് മരുന്ന് കേന്ദ്രമാക്കി, പൊലീസും സർക്കാരും ഒളിച്ചു കളിക്കുന്നു: പി.വി. അന്‍വർ

സാമ്പത്തിക പ്രതിസന്ധി കാരണമാണ് തിരുവനന്തപുരത്തെ കൊലപാതകം എന്ന് പൊലീസ് വാദം തെറ്റിദ്ധാരണ പരത്തുന്നതാണെന്നും അന്‍വർ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


തിരുവനന്തപുരത്തെ കൊലപാതകത്തിൽ സർക്കാരിനെതിരെ വിമർശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ പി.വി. അന്‍വർ. ചിന്തിക്കാൻ കഴിയാത്ത ക്രൂരമായ കൊലപാതകങ്ങൾ കേരളത്തിൽ നടക്കുന്നു. മയക്ക് മരുന്ന് നിർമാണത്തിന്റെയും വിതരണത്തിന്റെയും കേന്ദ്രമാക്കി കേരളത്തെ പിണറായി മാറ്റി. പൊലീസും സർക്കാരും ഒളിച്ചു കളിക്കുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് തിരുവനന്തപുരത്തെ കൊലപാതകം എന്ന് പൊലീസ് വാദം തെറ്റിദ്ധാരണ പരത്തുന്നതാണെന്നും അന്‍വർ പറഞ്ഞു.

രക്ത പരിശോധന റിപ്പോർട്ടിൽ മായം കലർത്തുന്നു. സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരും മയക്കുമരുന്ന് ലോബിയുടെ ഭാഗമാണെന്നും അന്‍വർ ആരോപിച്ചു. മയക്കുമരുന്നിന് പിന്നാലെ മദ്യനിർമ്മാണ ശാല കൂടി കൊണ്ടുവരികയാണ്. ആശാ വർക്കർമാരെ സർക്കാർ തിരിഞ്ഞുനോക്കുന്നില്ല. തൊഴിലാളി സർക്കാർ എന്ന് പറയുന്ന സർക്കാരാണിത് കാണിക്കുന്നതെന്നും അന്‍വർ പരിഹസിച്ചു.

സജി മഞ്ഞക്കടമ്പിലുമായി നേരത്തെ മുതൽ ചർച്ചകൾ നടത്തിയിരുന്നുവെന്നും പി.വി. അന്‍വർ വ്യക്തമാക്കി. കേരളത്തിൽ 12 ജില്ലകളിൽ തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തിക്കുന്നുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ചീഫ് കോർഡിനേറ്റർമാർ നിലവിലില്ല. വനം വന്യജീവി സംഘർഷത്തിന് പരിഹാരം കാണുക എന്നതാണ് തൃണമൂൽ കോൺഗ്രസിലൂടെ മുന്നോട്ട് വെച്ച പ്രധാന ആവശ്യമെന്നും പി.വി. അന്‍വർ പറഞ്ഞു.

റബ്ബർ വില വർധന കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. റബ്ബർ വിഷയത്തിൽ ലോക്സഭയിലും രാജ്യസഭയിലും തൃണമൂൽ ചർച്ചകൾ നടത്തി. വിഷയവുമായി ബന്ധപ്പെട്ടാണ് മഞ്ഞക്കടമ്പിലുമായി ബന്ധപ്പെട്ടതെന്നും പി.വി. അന്‍വർ പറഞ്ഞു.

ചുങ്കത്തറ കൊലവിളി പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായും അന്‍വർ പറഞ്ഞു. തലയ്ക്കടിക്കും എന്ന് പറഞ്ഞതിൽ എന്താ സംശയം. ഞങ്ങളെ ആക്രമിക്കാൻ വരുന്നവരെ പിന്നെന്താണ് ചെയ്യേണ്ടത്. കട്ടിലിനടിയിൽ കയറി ഒളിക്കാൻ കഴിയില്ല. അടിച്ചാൽ തിരിച്ചടിക്കും. അക്രമികളെ പേടിച്ചു പൊതുപ്രവർത്തനം ചെയ്യാതിരിക്കാൻ സാധിക്കില്ലല്ലോ എന്നും അന്‍വർ പറഞ്ഞു.

SCROLL FOR NEXT