NEWSROOM

ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അജ്ഞാതർ; പശ്ചിമ ബംഗാളിൽ തൃണമൂൽ നേതാവിനെ കൊലപ്പെടുത്തി

ചായക്കടയ്ക്ക് മുൻപിൽ നിൽക്കവേ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇയാൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

പശ്ചിമ ബംഗാളിൽ 6 നിയമസഭാ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഭരണകക്ഷി നേതാവ് കൊല്ലപ്പെട്ടു. നോർത്ത് 24 പാർഗാനാസിലാണ് തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവ് അശോകിനെ അജ്ഞാതർ വെടിവച്ചുകൊന്നത്. ചായക്കടയ്ക്ക് മുൻപിൽ നിൽക്കവേ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ഇയാൾക്കു നേരെ വെടിയുതിർത്തത്.

ബോംബേറിനെ തുടർന്ന് നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബരാക്പൂർ സിറ്റി പൊലീസ് കമ്മീഷണർ അലോക് രജോറിയ സംഭവ ​​സ്ഥലത്തെത്തി. അവിടെയുണ്ടായിരുന്ന നാട്ടുകാരുമായി സംസാരിച്ചു. 2023ലും അശോക് സാഹുവിന് നേരെ ആക്രമണ ശ്രമം നടത്തിരുന്നുവെന്നും കമ്മീഷണർ പറഞ്ഞു.

ആക്രമണം നടന്നതിനാൽ ഉപതെരഞ്ഞെടുപ്പുകളിൽ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന രാഷ്ട്രീയ ആരോപണങ്ങൾ ഉയർന്നുവന്നു. സംഭവത്തിൽ ചീഫ് ഇലക്ടറൽ ഓഫീസറുടെ (സിഇഒ) ഓഫീസ് റിപ്പോർട്ട് തേടിയിട്ടുണ്ട്. സംസ്ഥാനത്ത് പ്രത്യേകിച്ച് ഹരോവ, മദാരിഹത്ത്, സിതായ്, തൽദാൻഗ്ര എന്നീ മണ്ഡലങ്ങളിൽ ടിഎംസി പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നതായി ബിജെപിയും പ്രതിപക്ഷവും ആരോപിച്ചു. എന്നാൽ ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ടിഎംസിയുടെ മറുപടി.

തെരഞ്ഞെടുപ്പ് സമയത്ത് അക്രമം അഴിച്ചുവിടാൻ ബിജെപിയും പ്രതിപക്ഷവും ശ്രമിക്കുകയാണെന്ന് ടിഎംസി പ്രവർത്തകർ ആരോപിച്ചു. അതിനിടയിൽ മദാരിഹട്ടിൽ ബിജെപി സ്ഥാനാർഥി രാഹുൽ ലോഹറിൻ്റെ കാർ തകർത്തതായുള്ള റിപ്പോർട്ട് പുറത്തുവന്നു. സമാധാനപരമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാൻ കേന്ദ്ര സായുധ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

SCROLL FOR NEXT