അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവ് ജയന്ത് സിംഗിനെ ഉടൻ വിട്ടയച്ചില്ലെങ്കിൽ തന്നെ കൊല്ലുമെന്ന് ചിലർ ഭീഷണിപ്പെടുത്തിയതായി മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ സൗഗത റോയ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് തനിക്ക് ചില ഫോൺ കോൾ വന്നുവെന്നും സൗഗത റോയ് പറഞ്ഞു.
ഒരു അജ്ഞാത നമ്പറിൽ നിന്ന് തനിക്ക് രണ്ടു വട്ടം ഫോൺ കോൾ വന്നെന്നും സൗഗത റോയ് വെളിപ്പെടുത്തി. ജയന്ത് സിങ്ങിൻ്റെ മോചനം ഉറപ്പാക്കിയില്ലെങ്കിൽ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് ആയിരുന്നു ഒന്ന്. അരിയദാഹയിൽ പോയാൽ തന്നെ കൊല്ലുമെന്നാണ് രണ്ടാമത്തെ കോളിൽ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ബരാക്‌പൂർ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ടെന്നും സൗഗത റോയ് കൂട്ടിച്ചേർത്തു.
വെസ്റ്റ് ബംഗാളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് നേതാവായ ജയന്ത് സിംഗിനെ ആൾക്കൂട്ട അക്രമ സംഭവത്തിന്റെ പേരിൽ ജൂൺ 30നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോളേജ് വിദ്യാർഥിയെയും അമ്മയെയും ആക്രമിച്ചെന്നാണ് ജയന്തിനെതിരെയുള്ള കേസ്. സംഭവത്തിന്റെ വീഡിയോ ക്ലിപ്പും വൈറലായിരുന്നു.
2023ൽ മറ്റൊരു കേസിൽ അറസ്റ്റിലായ ജയന്ത് സിംഗ്, നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തില്ലെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ജാമ്യത്തിലിറങ്ങിയത്. എന്നാൽ, വ്യവസ്ഥ ലംഘിച്ചതിന്റെ അധിക കുറ്റവും ഇപ്പോൾ ജയന്ത് സിംഗിനെതിരെ ചുമത്തിയിട്ടുണ്ട്.