NEWSROOM

ട്രോളി ബാഗ് വിവാദം: അന്വേഷണത്തിന് നിർദ്ദേശം; ചുമതല പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിക്ക്

കള്ളപണം വന്നുവെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി

Author : ന്യൂസ് ഡെസ്ക്

പാലക്കാട്ടെ ട്രോളിബാഗ് വിവാദത്തില്‍ അന്വേഷണത്തിന് നിർദ്ദേശം. പ്രാഥമിക അന്വേഷണം നടത്താൻ എസ്പിയാണ് നിർദ്ദേശം നൽകിയത്. പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. കള്ളപ്പണം വന്നുവെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി.

അതേസമയം ട്രോളി ബാഗ് വിവാദത്തിൽ “പെട്ടി” അടയ്ക്കാൻ യുഡിഎഫ് ഉദ്ദേശിക്കുന്നില്ലെന്ന് പാലക്കാടിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ചർച്ചയാക്കും. സംഭവത്തിൽ സിപിഎമ്മിൽ ശക്തമായ വിഭാഗീയത ഉണ്ട്. സിപിഎമ്മിൽ ഒരു വിഭാഗം തനിക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നു. മറ്റൊരുവിഭാഗം ബിജെപിയെ സഹായിക്കുകയാണ്. ബിജെപിക്കെതിരെ സിപിഎം ഒന്നും മിണ്ടുന്നില്ല എന്നും രാഹുൽ പറഞ്ഞു. പി.പി. ദിവ്യ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോലും എത്തിയേക്കും. ദിവ്യക്കെതിരെ സിപിഎം നടത്തിയത് തരംതാഴ്ത്തലല്ല ചേർത്തുപിടിക്കലാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

നവംബർ 6 നാണ് പാലക്കാട്ടെ കെപിഎം ഹോട്ടലിൽ പൊലീസ് റെയ്‌ഡ് നടത്തിയത്. കുഴൽപ്പണം ഉണ്ടെന്ന സംശയത്തെ തുടർന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പൊലീസ് റെയ്ഡ് നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു ലക്ഷ്യം. തമിഴ്നാട് രജിസ്ട്രേഷൻ വാഹനത്തിൽ പണമെത്തിയെന്നും ആരോപണം ഉയർന്നിരുന്നു. പരിശോധനയ്ക്കിടെ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കൂടാതെ ഹോട്ടലിന് പുറത്ത് ബിജെപി-സിപിഎം പ്രവർത്തകർ തടിച്ചുകൂടിയതോടെ പരിസരം സംഘർഷ ഭൂമിയായിരുന്നു.

ഹോട്ടലിലെ 12 മുറികളിലായി നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് എഎസ്‌പി അശ്വനി ജി.ജി. അറിയിച്ചിരുന്നു. എല്ലാ ആഴ്ചയും തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി നടക്കുന്ന പരിശോധനയാണിത്. ഈ ഹോട്ടൽ മാത്രല്ല പല ഹോട്ടലുകളിലും കഴിഞ്ഞ ആഴ്ചകളിലടക്കം പരിശോധന നടത്തിയിട്ടുണ്ടെന്നും എ.എസ്.പി വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT